പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച 18കാരനെ രക്ഷപ്പെടുത്തി പൊലീസ്. മഹാരാഷ്ട്രയിലെ അകോള ജില്ലയിലാണ് സംഭവം. ഇന്‍സ്റ്റഗ്രാമില്‍ റീല്‍ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു ആത്മഹത്യാശ്രമം.
‘കരിഷ്മ...നീയില്ലാതെ എനിക്ക് ജീവിക്കാനാവില്ല, ബൈ’എന്നു പറഞ്ഞ് ജനുവരി 21നാണ് കൃഷ്ണരഘു പല്‍വി എന്ന ഇന്‍സ്റ്റഗ്രാം ഉപയോക്താവ് ലൈവ് സ്ട്രീമിങ് നടത്തിയത്. ലൈവ് കണ്ടത് പക്ഷേ കരിഷ്മ മാത്രമല്ല. മുംബൈ സൈബര്‍ സെല്ലും ദഹിഹന്ദ പൊലീസും ലൈവ് കണ്ടതോടെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. റീല്‍ ലൊക്കേഷന്‍ നോക്കി. മധ്യപ്രദേശിലെ ബുര്‍ഹന്‍പൂര്‍ സ്വദേശിയാണ് കൃഷ്ണയെന്നും പൊലീസ് കണ്ടെത്തി.
20 മിനിറ്റുകള്‍ക്കുള്ളില്‍ ദോന്‍വാഡ മേഖലയിലെത്തിയ പൊലീസ് യുവാവിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. മകനെ രക്ഷിച്ച മുംബൈ സൈബര്‍ സെല്ലിനും ലോക്കല്‍ പൊലീസിനും കുടുംബം നന്ദി പറഞ്ഞു.