വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഞ്ഞുവീഴ്ച. ശ്രീനഗർ വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണമായി നിർത്തിവച്ചു. കശ്മീരിൽ ഏറ്റവും കുറഞ്ഞ താപനില - 8 ഡിഗ്രിയായി.
സോജില പാസ്, ഗുൽമാർഗ്, കുപ് വാര, പീർ പഞ്ചൽ മേഖലകളിലാണ് കനത്ത മഞ്ഞുവീഴ്ചയുണ്ടായത്. ഇടവിട്ടുള്ള മഴയും കാറ്റും എത്തിയതോടെ ശൈത്യതരംഗത്തിന് സമാനമാണ് കശ്മീർ താഴ് വരയിലെ സാഹചര്യം.
ശ്രീനഗർ വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണമായി സ്തംഭിച്ചു. വൈഷ്ണോ ദേവി തീർഥാടനവും താൽക്കാലികമായി നിർത്തി. ജമ്മു - ശ്രീനഗർ ദേശീയപാതയിലെ ഗതാഗതം റദ്ദാക്കി. കശ്മീരിൽ അടുത്ത തിങ്കളാഴ്ച വരെ കനത്ത മഞ്ഞുവീഴ്ചയ്ക്കുള്ള മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്നത്. ശൈത്യകാലത്ത് കൂടുതൽ വിനോദ സഞ്ചാരികളെത്തുന്ന ഹിമാചൽ പ്രദേശിൽ സീസണിലെ ഏറ്റവും രൂക്ഷമായ മഞ്ഞുവീഴ്ചയാണ് ഇന്നത്തേത്. ഷിംല, മണാലി, കസോൾ, സ്പിതി എന്നിവിടങ്ങളിലേക്ക് വിനോദ സഞ്ചാരികൾ ഒഴുകിയെത്തുന്നു. പകൽ മുഴുവൻ നീണ്ടുനിന്ന മഴയെത്തുടർന്ന് ഡൽഹിയിലും അന്തരീക്ഷ താപനില കുത്തനെ കുറഞ്ഞു. കാറ്റുവീശിയതോടെ അന്തരീക്ഷ മലിനീകരണവും കുറഞ്ഞു.