കര്‍ണാടകയിലെ ബെളഗാവിയിലുള്ള അൻസാരി ദർഗയ്‌ക്കെതിരെ പ്രകോപനപരമായ ആംഗ്യം കാണിച്ചതിന് പിന്നാലെ ഹിന്ദുത്വ നേതാവ് ഹർഷിത താക്കൂർ ഉൾപ്പെടെ ഏഴ് പേർക്കെതിരെ കേസെടുത്ത് കർണാടക പൊലീസ്. മഹാരാഷ്ട്രയില്‍ നിന്നുമുള്ള ഹിന്ദുത്വ നേതാവായ ഹര്‍ഷിത ജനുവരി 18-ന് മാച്ചെ ഗ്രാമത്തിൽ നടന്ന 'അഖണ്ഡ ഹിന്ദു സമ്മേളന'ത്തിനിടെയാണ് പ്രകോപനപരമായ ആംഗ്യം കാണിച്ചത്.
ഘോഷയാത്രയ്ക്കിടെ തുറന്ന വാഹനത്തിന് നിന്നുകൊണ്ട് ഹർഷിത താക്കൂർ സയ്യിദ് അൻസാരി ദർഗയ്ക്ക് നേരെ വില്ല് കുലക്കുന്ന രീതിയിൽ ആംഗ്യം കാണിക്കുകയായിരുന്നു. ബെളഗാവി-ഖാനാപ്പൂർ റോഡിലൂടെ ഘോഷയാത്ര കടന്നുപോകുമ്പോഴാണ് ഈ പ്രകോപനപരമായ ആംഗ്യം ഉണ്ടായത്. 'ജയ് ശ്രീറാം' എന്ന് പറഞ്ഞുകൊണ്ടായിരുന്നു വില്ല് കുലക്കുന്ന ആംഗ്യം കാണിച്ചത്. ഹര്‍ഷിതയുടെ ആക്ഷന്‍ കണ്ട് ഒപ്പമുള്ളവര്‍ 'ജയ് ശ്രീറാം' എന്ന് ആര്‍പ്പ് വിളിക്കുന്നതും വിഡിയോയില്‍ കാണാം.
മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള പ്രസംഗം നടത്തിയതായും പരാതിയുണ്ട്. പ്രാദേശിക നിവാസിയായ അബ്ദുൾ ഖാദർ മുജാവർ നൽകിയ പരാതിയില്‍ ഹര്‍ഷിതയെ ഒന്നാംപ്രതിയാക്കി ബെളഗാവി റൂറൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പരിപാടിയുടെ സംഘാടകരായ സുപ്രീത് സിംപി, ശ്രീകാന്ത് കാംബ്ലെ, ബെട്ടപ്പ തരിഹാൽ, ശിവാജി ഷഹാപൂർക്കർ, ഗംഗാറാം തരിഹാൽ, മല്ലപ്പ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. നിലവിൽ പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്. മേഖലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.