AI Generated Image
ബെംഗളൂരു രാജരാജേശ്വരി നഗറില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തി. യുവതിയുടെ ഭർത്താവിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 10നാണ് ആശ എന്ന യുവതിയെ ആർ.ആർ നഗറിലെ വാടകമുറിയിൽ ഫാനിൽ സാരിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്.
യുവതിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതോടെയാണ് തൂങ്ങിമരണമല്ല കൊലപാതകമാണെന്ന് പുറത്തറിഞ്ഞത്. കഴിഞ്ഞ ഒന്നര വർഷമായി ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലായിരുന്നു ആശയും ഭര്‍ത്താവ് വിരൂപാക്ഷയും താമസിച്ചിരുന്നത്.
ആറു വർഷം മുൻപായിരുന്നു ഇവരുടെ പ്രണയവിവാഹം. ആദ്യനാളുകളില്‍ തന്നെ വിരൂപാക്ഷ ആശയുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ലെന്ന് യുവതിയുടെ സഹോദരന്‍ പറയുന്നു. ജോലിക്ക് പോവാതെ ആശയുടെ ചിലവിലായിരുന്നു വിരൂപാക്ഷ കഴിഞ്ഞിരുന്നത്. മാത്രമല്ല ആശയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് പറഞ്ഞ് തര്‍ക്കങ്ങള്‍ പതിവായിരുന്നു. ഒന്നര മാസമായി മാറിത്താമസിക്കുന്ന ദമ്പതികളുടെ വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലുമാണ്.
തുടക്കത്തിൽ അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തെങ്കിലും, ജനുവരി 11ന് വിക്ടോറിയ ആശുപത്രിയിൽ നടന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കേസിൽ നിർണായകമായി. മരണത്തിൽ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതോടെ അന്വേഷണം വിപുലീകരിച്ചു. തുടർന്ന് ജനുവരി 14ന് വിരൂപാക്ഷയെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലിൽ പ്രതികള്‍ കുറ്റം സമ്മതിച്ചു. വിരൂപാക്ഷ ആശയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.