ശരീരഭാരം കുറയ്ക്കാന്‍ യൂട്യൂബില്‍ കണ്ട മരുന്ന് കഴിച്ച കോളജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. തമിഴ്നാട് മധുരയിലെ മീനമ്പല്‍പുരത്ത് വേൽമുരുകന്‍റെ മകളും 19കാരിയുമായ കലൈയരസിയാണ് മരിച്ചത്. മധുരയിലെ സർക്കാർ എയ്ഡഡ് വനിതാ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്നു പെണ്‍കുട്ടി.
ശരീരഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട യൂട്യൂബ് വിഡിയോകൾ കണ്ട കലൈയരസി അതില്‍ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് ജനുവരി 17 ന് കീഴമസി റോഡിലെ ഒരു മരുന്ന് കടയിൽ നിന്ന് മരുന്നുകൾ വാങ്ങിയെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മരുന്ന് കഴിച്ചയുടനെ തന്നെ അവൾക്ക് ഛർദ്ദി തുടങ്ങി.
മാതാപിതാക്കൾ അവളെ നെൽപേട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നുള്ള ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് കൊണ്ടുവന്നു. എന്നാല്‍ പിന്നീട് പെണ്‍കുട്ടി വീണ്ടും ഛര്‍ദിക്കുകയും ബോധരഹിതയാവുകയുമായിരുന്നു. വൈകിട്ടോടെ കുട്ടിയുടെ ആരോഗ്യനില മോശമായി. സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജനുവരി പതിനെട്ടിന് കലയരസിയുടെ പിതാവ് വേല്‍മുരുഗന്‍ സെല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും, കഴിച്ച മരുന്നുകളുടെ ഉറവിടവും ഉള്ളടക്കവും ഉൾപ്പെടെ അന്വേഷണത്തിന്‍റെ പരിധിയിലാണ്.