ദേശീയപാത 48 ലെ തിരക്കേറിയ സ്ഥലത്ത് അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് 21 കാരനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഹൈവേയില്‍ ‘സിഗ്‌സാഗിംങ്’ നടത്തിയ യുവാവിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത തന്നെയാണ് സമയ്പൂർ ബദ്‌ലി പോലീസ് സ്റ്റേഷനിൽ‌  കേസ് റജിസ്റ്റര്‍ ചെയ്ത വിവരം എക്സില്‍ പങ്കുവെച്ചത്. അപകടകരമായി ഓടിച്ച സ്കോര്‍പിയോ വാഹനം കസ്റ്റഡിയിലെടുത്തതാതും മുഖ്യമന്ത്രി കുറിച്ചു. ഇഗ്നോയിലെ വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്.

 ജിടി കർണാൽ ബൈപാസ് റോഡിൽ നരേലയിലേക്കുള്ള വഴിയിലാണ് യുവാവ് യാത്രക്കാർക്ക് അപകടമുണ്ടാക്കുന്ന തരത്തിൽ വാഹനമോടിച്ചത്. വിഡിയോ ദൃശ്യങ്ങള്‍ കണ്ട ഉടന്‍ പൊലീസ് പൊതുജന സുരക്ഷ കണക്കിലെടുത്ത് വാഹനം പിന്തുടര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ഓഖ്‌ല നിവാസിയായ ദൗദ് അൻസാരി (21) ആണ് വണ്ടി ഓടിച്ചതെന്നും പിതാവ്  മുസാഫിർ അൻസാരിയുടെ പേരിലാണ് വാഹനം റജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും കണ്ടെത്തി. തുടര്‍ന്ന് യുവാവിന്‍റെ ലൈസന്‍സ് പരിശോധിക്കുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

വിഡിയോ ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച ശേഷം, മനുഷ്യജീവന് അപകടമുണ്ടാക്കുന്ന തരത്തില്‍ അശ്രദ്ധയോടെ വാഹനമോടിച്ചതിന് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യുടെ പ്രസക്തമായ വകുപ്പുകളും  മോട്ടോർ വാഹന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി കേസെടുത്തതായി പൊലീസ് പറഞ്ഞു.

ENGLISH SUMMARY:

Reckless driving arrest made by Delhi Police after a viral video surfaced of a 21-year-old driving dangerously on the highway. The police took immediate action to ensure public safety and apprehended the individual