TOPICS COVERED

മനുഷ്യമനസാക്ഷിക്ക് നിരക്കാത്ത ക്രൂരതയാണ് രാജസ്ഥാനില്‍ യുവാവിനു നേരെ നടന്നത്. തലങ്ങും വിലങ്ങും മര്‍ദിച്ചതു കൂടാതെ ഒരു സംഘം ആളുകള്‍ യുവാവിനെ മൂത്രം കുടിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. മൂന്നു ദിവസത്തോളമാണ് 18കാരന്‍ ക്രൂരമായ ആക്രമണത്തിനിരയായത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. രാജസ്ഥാനിലും മധ്യപ്രദേശിലും വ്യാപകമായി വിഡിയോ പ്രചരിക്കുന്നതായാണ് റിപ്പോര്‍ട്ട്. മര്‍ദനത്തിനു പിന്നാലെ ബിയര്‍ ബോട്ടിലില്‍ ശേഖരിച്ച മൂത്രം യുവാവിനെക്കൊണ്ട് കുടിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 

അളവില്ലാത്ത ക്രൂരതയുടെ ദൃശ്യങ്ങളാണ് രാജസ്ഥാനില്‍ നിന്നും പുറത്തുവരുന്നത്. ഭോപ്പാല്‍ സ്വദേശിയായ 18കാരനെ ഒരു സംഘം പുരുഷന്‍മാര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ ശേഷം തലങ്ങും വിലങ്ങും മര്‍ദിച്ചു. കോലാര്‍ സ്വദേശിയായ സോനു ആണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. മൂന്നുദിവസത്തോളം നീണ്ട മര്‍ദനമാണ് സോനു നേരിട്ടത്.  

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്– സോനു ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. 15ദിവസങ്ങള്‍ക്കു മുന്‍പ് പെണ്‍കുട്ടി വീടുവിട്ടിറങ്ങി സോനുവിനൊപ്പം താമസമാക്കിയിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടിയുെട വീട്ടുകാരെത്തി സോനുവിനെ പിടികൂടി ആക്രമിച്ചത്.  ദൃശ്യങ്ങള്‍ അക്രമികള്‍ സോനുവിന്റെ കുടുംബത്തിനും അയച്ചുകൊടുത്തു.  

ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിയ കുടുംബം ഉടന്‍തന്നെ കോലാര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ആക്രമണം നടന്നത് രാജസ്ഥാനിലാണെന്ന് കണ്ടെത്തിയ പൊലീസ് പ്രദേശിക പൊലീസുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിച്ചു. സോനുവിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രതികള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും ഇന്‍സ്പെക്ടര്‍ സഞ്ജയ് സോണി പറയുന്നു. അതേസമയം അക്രമികളെയെല്ലാവരേയും ഇതുവരേയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. തട്ടിക്കൊണ്ടുപോകല്‍, ആക്രമണം, മര്‍ദനം, മനുഷ്യത്വരഹിതമായ ഉപദ്രവം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

ENGLISH SUMMARY:

Rajasthan youth attack highlights the horrific torture inflicted on a young man in Rajasthan. The 18-year-old was brutally beaten and forced to drink urine, prompting a police investigation and raising serious concerns about human rights violations.