ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ കുടിവെള്ളം ശുദ്ധീകരിക്കുന്നതിനായി 3 ലക്ഷം രൂപ വിലവരുന്ന വാട്ടര്‍ പ്യൂരിഫയര്‍ ഹോട്ടല്‍മുറിയില്‍ സ്ഥാപിച്ചു. അടുത്തിടെ മലിനജലം കലർന്നുണ്ടായ ദുരന്തം റിപ്പോർട്ട് ചെയ്യപ്പെട്ട ഇൻഡോറിലാണ് ടീം ഇന്ത്യ താമസിക്കുന്നത്. ന്യൂസീലന്‍ഡിനെതിരായ നാളത്തെ മൂന്നാം ഏകദിനത്തിനായാണ് ടീം ഇന്‍ഡോറിലെത്തിയത്.
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന ഖ്യാതിയുണ്ടെങ്കിലും ഇൻഡോർ അടുത്തിടെ വാർത്തകളിൽ നിറഞ്ഞത് കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നുണ്ടായ ദുരന്തത്തിന്റെ പേരിലാണ്. ഇൻഡോറിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ടീം ഇന്ത്യ താമസിക്കുന്നത്. എന്നാൽ, നായകൻ ശുഭ്മാൻ ഗിൽ ഏകദേശം മൂന്നു ലക്ഷം രൂപ വിലമതിക്കുന്ന ഒരു പ്രത്യേക ജലശുദ്ധീകരണ യന്ത്രം കൂടെ കരുതിയിട്ടുണ്ടെന്ന് ഹോട്ടൽ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആർഒ സംവിധാനത്തിലൂടെ ശുദ്ധീകരിച്ച വെള്ളവും, കുപ്പിവെള്ളവും, വീണ്ടും ശുദ്ധീകരിക്കാൻ കഴിയുന്ന പ്യൂരിഫയറാണ് ഗില്ലിന്റേതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇൻഡോറിൽ മലിനജല മരണങ്ങളുമായി ഈ നീക്കത്തിന് ബന്ധമുണ്ടോ, അതോ പതിവായുള്ള സുരക്ഷാ നടപടികളുടെ ഭാഗമാണോ എന്ന കാര്യത്തിൽ ടീം പ്രതികരിക്കുകയോ വ്യക്തത വരുത്തുകയോ ചെയ്തിട്ടില്ല.