പഞ്ചാബ് സ്വദേശിനിയെ കൊലപ്പെടുത്തിയ ശേഷം കാനഡയില്‍ നിന്നും ഇന്ത്യയിലേക്ക് രക്ഷപ്പെട്ട യുവാവിനെ അറസ്റ്റ് ചെയ്തു. മാസങ്ങള്‍ക്കു മുന്‍പാണ് സാങ്ക്രര്‍ സ്വദേശിനിയായ അമന്‍പ്രീത് കൗറിനെ പ്രതി മന്‍പ്രീത് സിങ് കൊലപ്പെടുത്തിയത്. കൊല നടത്തിയ ശേഷം ഇന്ത്യയിലേക്ക് കടന്ന യുവാവ് പ്രേം ബസ്തിയിലെത്തി യുവതിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി. കാനഡയില്‍ തനിക്കെതിരെ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 20നാണ് അമന്‍പ്രീതിനെ മന്‍പ്രീത് സിങ് കൊലപ്പെടുത്തിയത്. തന്റെ മകളെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ടാക്സി ഡ്രൈവറായ മന്‍പ്രീത് സിങ് നിരവധി തവണ ശല്യം ചെയ്തിരുന്നതായി പിതാവ് ഇന്ദര്‍ജിത് സിങ് സാങ്ക്രര്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ തനിക്ക് താല്‍പര്യമില്ലെന്ന് മകള്‍ തുറന്നുപറഞ്ഞിരുന്നു.
തന്റെ രണ്ടു പെണ്‍മക്കളും കാനഡയിലായിരുന്നുവെന്നും ടൊറന്റോയില്‍ താമസിച്ച അമന്‍പ്രീത് ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നതെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
ഒക്ടോബര്‍ 21ന് അമന്‍പ്രീതിനെ ഫോണില്‍ കിട്ടാതായതോടെയാണ് സമീപത്തു താമസിച്ചിരുന്ന സഹോദരി ചെന്നന്വേഷിക്കുന്നത്. താമസസ്ഥലത്തും ഇല്ലെന്ന് ബോധ്യപ്പെട്ടതോടെ കനേഡിയന്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് നയാഗ്ര വെള്ളച്ചാട്ടത്തിനു സമീപത്തുനിന്നും അമന്‍പ്രീതിന്റെ മൃതദേഹം ലഭിച്ചത്.
പ്രതിയെ ആദ്യം തന്നെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനായിരുന്നില്ല. ഇന്ത്യയിലെത്തിയ ശേഷം അമന്‍പ്രീതിന്റെ കുടുംബാംഗങ്ങളെയെല്ലാം കൊലപ്പെടുത്തുമെന്ന് പറഞ്ഞ് കൊല്ലപ്പെട്ട യുവതിയുടെ സഹോദരിക്ക് പ്രതി ഇന്സ്റ്റഗ്രാമിലൂടെയും വാട്സാപ്പിലൂടെയും സന്ദേശങ്ങള്‍ അയയ്ക്കാനാരംഭിച്ചു. ഒരു ദിവസം വീട്ടിലേക്ക് ആയുധങ്ങളുമായെത്തി ഭീഷണിപ്പെടുത്തിയതോടെ കുടുംബം വീടിനു പുറത്ത് സിസിടിവി ഘടിപ്പിച്ചു.
ഇതിനിടെ അമന്‍പ്രീതിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും പ്രതി സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കാനാരംഭിച്ചു. തുടര്‍ന്ന് ജനുവരി 14ന് സാങ്ക്രര്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ കുടുംബം പരാതി നല്‍കി. ഭാരതീയ ന്യായ് സംഹിത പ്രകാരം വീട്ടിലേക്ക് അതിക്രമിച്ചു കടക്കല്‍, സ്ത്രീകളെ അപമാനിക്കല്‍, ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി മന്‍പ്രീത് സിങ്ങിനെതിരെ പഞ്ചാബില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. ജനുവരി 15ന് പ്രതിയെ പിടികൂടിയ പൊലീസ് ചോദ്യം ചെയ്തുവരികയാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.