അശ്ലീല ആംഗ്യം കാണിച്ചയാളെ നടുറോഡില്‍ കൈകാര്യം ചെയ്ത് വനിതാ ബൈക്ക് റൈഡര്‍ . ഇ റിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ നടഞ്ഞു നിര്‍ത്തി യുവതി ചോദ്യം ചെയ്തു. പിന്നാലെ ഇയാള്‍ മാപ്പു പറഞ്ഞു . വിഡിയോ സമുഹമാധ്യമങ്ങളില്‍ തരംഗമാണ് .
യുവതി തന്‍റെ ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് തൊട്ടടുത്തെത്തിയ ഇ-റിക്ഷയിലിരുന്ന ഒരാൾ മോശമായി പെരുമാറിയത്. ഇത് അവഗണിച്ച് പോകാൻ യുവതി തയ്യാറായില്ല. ഉടൻ തന്നെ ബൈക്ക് നിർത്തി യുവതി ഇയാളെ ചോദ്യം ചെയ്തു. ബൈക്കിലെ ക്യാമറയിൽ ഇയാൾ അശ്ലീല ആംഗ്യം കാണിക്കുന്നത് വ്യക്തമായി പതിഞ്ഞിരുന്നു.
റിക്ഷയിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ച യുവാവിനെ യുവതി തടഞ്ഞുനിർത്തി. താൻ പൊലീസിനെ വിവരമറിയിച്ചിട്ടുണ്ടെന്നും ചെയ്ത തെറ്റിന് മറുപടി പറയണമെന്നും യുവതി ആക്രോശിക്കുന്നത് വീഡിയോയിൽ കാണാം. ഇതിന് തയ്യാറാകാതിരുന്ന ഇയാളെ യുവതി കൈകാര്യം ചെയ്യുന്നുമുണ്ട്. ആളുകൾ ചുറ്റും കൂടിയതോടെ "അബദ്ധം പറ്റിയതാണ്" എന്ന ന്യായീകരണവുമായി യുവാവ് രംഗത്തെത്തിയെങ്കിലും, "മോശമായി പെരുമാറുന്നത് എങ്ങനെയാണ് അബദ്ധമാവുക?" എന്ന യുവതിയുടെ മറുചോദ്യത്തിന് മുന്നിൽ ഇയാൾക്ക് മറുപടിയുണ്ടായിരുന്നില്ല.
"സർക്കാരിനെ മാത്രം ആശ്രയിക്കരുത്. നിങ്ങൾ ഒരു സ്ത്രീയാണെങ്കിൽ, നിങ്ങളുടെ സ്വന്തം പോരാട്ടങ്ങൾ നിങ്ങൾ തന്നെയാണ് ഏറ്റെടുക്കേണ്ടത്." എന്ന അടിക്കുറിപ്പോടെയാണ് യുവതി വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
സോഷ്യൽ മീഡിയയിൽ വിഡിയോ വൈറലായതോടെ യുവതിയെ അഭിനന്ദിച്ച് ഒട്ടേറെപ്പേര്‍ രംഗത്തെത്തി. "ഇതാണ് യഥാർത്ഥ ഫെമിനിസം" എന്നും "അർഹിച്ച ശിക്ഷയാണ് അയാൾക്ക് ലഭിച്ചത്" എന്നും പലരും കമന്‍റില്‍ കുറിച്ചു.
സംഭവം വിവാദമായതോടെ യുവാവിനെ കുടുംബാംഗങ്ങൾ തന്നെ പരസ്യമായി മർദിക്കുന്നതിന്‍റെയും മാപ്പു പറയിപ്പിക്കുന്നതിന്‍റെയും മറ്റൊരു വീഡിയോ കൂടി പിന്നീട് പുറത്തുവന്നു. "എന്നോട് ക്ഷമിക്കണം, എനിക്ക് തെറ്റുപറ്റിപ്പോയി, ഇനി ഇത് ആവർത്തിക്കില്ല" എന്ന് കൂപ്പുകൈകളോടെ യുവാവ് പറയുന്നതാണ് പുതിയ വിഡിയോയിലുള്ളത്.