മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന രംഗങ്ങള്‍ക്കാണ് ബിഹാറിലെ സീതാമര്‍ഹി ജില്ലയിലെ ഝാജിഹട്ട് കഴിഞ്ഞദിവസം സാക്ഷ്യം വഹിച്ചത്.ഏഴാംക്ലാസ് വിദ്യാര്‍ഥി റിതേഷ്കുമാര്‍ (12) എന്ന ഗോലുവിനെ ട്യൂഷന് പോകുന്നതിനിടെ അമിതവേഗത്തിലെത്തിയ പിക്കപ്പ് വാന്‍ ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തന്നെ ഗോലു മരിച്ചു. മീന്‍ കയറ്റിവന്ന പിക്കപ്പാണ് ഗോലുവിനെ ഇടിച്ചത്. നിയന്ത്രണം വിട്ട പിക്കപ്പ് മറിഞ്ഞ് റോഡില്‍ മീന്‍ ചിതറി വീണു.
അപകട വിവരമറിഞ്ഞെത്തിയ ബന്ധുക്കള്‍ കണ്ടത് ചേതനയറ്റ മകന്‍റെ മൃതദേഹത്തിനരികില്‍ നിന്നും മീന്‍ ശേഖരിക്കുന്ന നാട്ടുകാരെയാണ്. മരിച്ച കുട്ടിയുടെ മാതാപിതാക്കൾ മൃതദേഹത്തിനരികില്‍ നിന്ന് അലറിക്കരയുന്നതുപോലും മീന്‍ ശേഖരിക്കുന്നവര്‍ അറിയുന്നുണ്ടായിരുന്നില്ല. വിവരം പൊലീസിലറിയിക്കാനോ കുട്ടി ജീവനോടെയുണ്ടോ എന്ന് പരിശോധിക്കാനോ ആരും തയ്യാറായില്ല . ചാക്കിലും സഞ്ചിയിലുമെല്ലാം മീന്‍ വാരി കൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു ഈസമയം അവിടെ തടിച്ചു കൂടിയവര്‍ .
വിവരമറിഞ്ഞെത്തിയ പൊലീസ് മീന്‍ശേഖരിച്ചിരുന്നവരെ വിരട്ടിയോടിച്ചു. തുടര്‍ന്ന് റിതേഷിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അപകടമുണ്ടാക്കിയ പിക്കപ്പ് വാൻ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.