താമസക്കാര്‍ പുറത്തുപോയ സമയത്ത് ഹോട്ടല്‍ ജീവനക്കാര്‍ മുറിയില്‍ കയറിയതായി പരാതി. ജയ്പൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് സ്വകാര്യതാ ലംഘനം നടന്നത്. ഡല്‍ഹി സ്വദേശിയായ യുവതി ഹോട്ടലിനെതിരെ എക്സില്‍ പോസ്റ്റിട്ടു. പുറത്തുപോയ ശേഷം മുറിയിലേക്ക് എത്തിയപ്പോള്‍ രണ്ടു ഹോട്ടൽ ജീവനക്കാരെ അകത്ത് കണ്ടതായാണ് പരാതി. അനുവാദമില്ലാതെ മാസ്റ്റർ കീ ഉപയോഗിച്ച് ഇരുവരും അകത്ത് കടന്നു എന്നാണ് പരാതി.
ജാൻഹവി ജെയിൻ എന്ന എക്സ് അക്കൗണ്ടിലാണ് സംഭവം വിവരിക്കുന്നത്. കുടുംബം ഹോട്ടലിൽ എട്ട് മുറികൾ ബുക്ക് ചെയ്തതായി യുവതി പറഞ്ഞു. ജനുവരി 12 ന് വൈകീട്ട് 6.30 തിനും 7.30 നും ഇടയിലാണ് സംഭവം. റൂം നമ്പര്‍ 3808 ല്‍ മാസ്റ്റര്‍ കീ ഉപയോഗിച്ച് രണ്ട് ജീവനക്കാര്‍ കയറി. േനരത്തെ മുറി വൃത്തിയാക്കിയതാണെന്നും സര്‍വീസ് റിക്വസ്റ്റ് ഉണ്ടായിരുന്നില്ലെന്നും പോസ്റ്റില്‍ പറയുന്നു.
നിമിഷങ്ങൾക്കുശേഷം ആറുവയസ്സുള്ള പെണ്‍കുട്ടി മുറിയിലേക്ക് നടന്നപ്പോൾ അജ്ഞാതരായ രണ്ടു പേരെ രണ്ടു. ഇതോടെ കുട്ടി കരഞ്ഞു കൊണ്ട് പുറത്തേക്ക് ഓടുകയായിരുന്നു. നോട്ടീസില്ലാതെയാണ് മുറിയിലേക്ക് കയറിയതെന്നും അതിഥികളുടെ സുരക്ഷയ്ക്ക് വിലയില്ലെയെന്നും യുവതി പോസ്റ്റില്‍ ചോദിക്കുന്നു. ആരെങ്കിലും കുളിക്കുമ്പോഴോ, വസ്ത്രം മാറുമ്പോഴോ, ഉറങ്ങുമ്പോഴോ ആണ് ഇതെങ്കില്‍ എന്താകും അവസ്ഥ എന്ന ആശങ്കയും യുവതി പങ്കുവച്ചു.
അതേസമയം ഹോട്ടലിന്‍റെ ഭാഗത്തു നിന്നും മോശം പെരുമാറ്റമാണ് ഉണ്ടായതെന്നും യുവതി പരാതിപ്പെട്ടു. സംഭവത്തില്‍ ഉൾപ്പെട്ട ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കാനോ എന്തിനാണ് മുറിയിൽ പ്രവേശിച്ചതെന്ന് വിശദീകരിക്കാനോ ഹോട്ടല്‍ അധികൃതര്‍ തയ്യാറായില്ല. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പങ്കിടാൻ ഹോട്ടൽ വിസമ്മതിച്ചുവെന്നും യുവതി പറഞ്ഞു.
അതിഥികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന് ലീല പാലസ് ഉദയ്പൂരിന് ചെന്നൈയിലെ ഉപഭോക്തൃ കോടതി 10 ലക്ഷം രൂപ പിഴ വിധിച്ചതിന് പിന്നാലെയാണ് പുതിയ സംഭവം. ഹൗസ് കീപ്പിംഗ് ജീവനക്കാർ വാഷ്‌റൂമിനുള്ളിൽ മാസ്റ്റർ കീ ഉപയോഗിച്ച് മുറിയിൽ പ്രവേശിച്ചുവെന്നായിരുന്നു ചെന്നൈ സ്വദേശികളായ ദമ്പതികളുടെ പരാതി.