AI Image
ദമ്പതിമാരുടെ കുളിമുറി ദൃശ്യങ്ങള്‍ ഹോട്ടല്‍ ജീവനക്കാരന്‍ ഒളിഞ്ഞുനോക്കിയെന്ന് പരാതി. ഉദയ്പുരിലെ പഞ്ചനക്ഷത്ര ഹോട്ടലിനെതിരെയാണ് ചെന്നൈ സ്വദേശികളായ ദമ്പതിമാരുടെ പരാതി. സ്വകാര്യത മാനിച്ചില്ലെന്നും അനുവാദമില്ലാതെയാണ് ജീവനക്കാരന്‍ മുറിക്കുള്ളിലേക്ക് കയറി വന്നതെന്നും ദമ്പതിമാര്‍ ഉപഭോക്തൃ തര്‍ക്ക ഫോറത്തില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി 25നായിരുന്നു സംഭവം. സംഭവ സമയത്ത് ഇരുവരും കുളിമുറിയിലായിരുന്നു.
സര്‍വീസ് ആവശ്യമില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും ജീവനക്കാരന്‍ മുറിയിലേക്ക് കയറി വന്നുവെന്നും കുളിമുറിയുടെ ചാരിയിട്ട വാതിലിനുള്ളിലൂടെ നോക്കിയെന്നും ദമ്പതിമാര്‍ പറയുന്നു. ഉടനടി തന്നെ സംഭവം റിസപ്ഷനില്‍ അറിയിച്ചുവെങ്കിലും തണുപ്പന്‍ പ്രതികരണമാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ഇവര്‍ പറയുന്നു. പരാതി പരിഗണിച്ച ഉപഭോക്തൃ ഫോറം ഗുരുതരമായ വീഴ്ചയാണ് ഹോട്ടല്‍ അധികൃതര്‍ക്ക് ഉണ്ടായിരിക്കുന്നതെന്ന് വിലയിരുത്തി. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുകയെന്നതാണ് ഹോട്ടല്‍ ബിസിനസിലെ പ്രാഥമിക കര്‍ത്തവ്യമെന്നും ആഡംബര ഹോട്ടലുകളില്‍ പ്രത്യേകിച്ചും ആളുകള്‍ ഇത് പ്രതീക്ഷിക്കുമെന്നും അതിനുള്ള പണം അധികമായി നല്‍കുന്നുണ്ടെന്നും ഫോറം ചൂണ്ടിക്കാട്ടി.
ദമ്പതികള്‍ക്കുണ്ടായ മാനസിക–ശാരീരിക പ്രശ്നങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും വിധിച്ചു. മുറിയുടെ വാടകയായ 55,500 രൂപയും 2025 ജനുവരി 26 മുതല്‍ വിധി വന്ന ദിവസം വരെ ഒന്‍പത് ശതമാനം പലിശ നിരക്കിലുള്ള പണവും നല്‍കണമെന്നും ഇതിന് പുറമെ 10 ലക്ഷം രൂപ ഹോട്ടല്‍ അധികൃതര്‍ നഷ്ടപരിഹാരമായി നല്‍കണമെന്നും ഇത് മോശം സര്‍വീസിനുള്ള പിഴയാണെന്നും നിയമനടപടികള്‍ക്ക് പണം ചെലവായ ഇനത്തില്‍ പതിനായിരം രൂപയും നല്‍കണമെന്നും വിധിയില്‍ പറയുന്നു.
അതേസമയം, വ്യക്തികളുടെ സുരക്ഷയെയും അന്തസിനെയും സ്വകാര്യതയെയും അങ്ങേയറ്റം തങ്ങള്‍ മാനിക്കുന്നുവെന്നും ഇതുവരെയും അങ്ങനെയാണ് ചെയ്തുവന്നിട്ടുള്ളതെന്നും സ്വകാര്യ ഹോട്ടല്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. തങ്ങളുടെ അതിഥികളായി എത്തിയവര്‍ക്ക് നേരിട്ട ദുരനുഭവം ഗൗരവമായി പരിശോധിക്കുമെന്നും കമ്പനി വ്യക്തമാക്കി.