ബുദ്ധനെയും ബുദ്ധിസത്തെയും അടുത്തറിയാന്‍ ഡല്‍ഹിയില്‍ ഒരു അപൂര്‍വ പ്രദര്‍ശനം. ബുദ്ധന്‍റെതെന്ന് കരുതുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ രത്നങ്ങളടക്കം പ്രദര്‍ശനത്തിലുണ്ട്. 127 വര്‍ഷത്തിന് ശേഷം വിദേശരാജ്യങ്ങളില്‍ നിന്ന് തിരികെ എത്തിച്ചതാണ് പല തിരുശേഷിപ്പുകളും.
ബുദ്ധന്‍ ഉപയോഗിച്ചതും സമ്മാനമായി ലഭിച്ചതുമെന്ന് കരുതുന്ന ആഭരണങ്ങളാണിത്. അപൂര്‍വ ലോഹങ്ങളില്‍ കൊത്തിയുണ്ടാക്കിയവ. ഉത്തര്‍പ്രദേശിലെ പിപ്രാവ എന്ന് അറിയപ്പെടുന്ന കപിലവസ്തുവില്‍ നിന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഘനനത്തിലൂടെയാണ് കണ്ടെടുത്തത്. ബ്രിട്ടീഷുകാര്‍ കൊണ്ടുപോയ രത്നങ്ങള്‍ വര്‍ഷങ്ങള്‍ക്കുശേഷം ഹോങ്കോങ്ങില്‍ വച്ച് ലേലം ചെയ്തപ്പോള്‍ ഗോദറേജിന്‍റെ സഹായത്തോടെ വീണ്ടെടുക്കുകയായിരുന്നു സര്‍ക്കാര്‍. പൊതുജനങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത് ആദ്യം.
ബുദ്ധകാലഘട്ടത്തെ അടയാളപ്പെടുത്തുന്ന, അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍,തായ്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് ഒന്നാം നൂറ്റാണ്ടിലും രണ്ടാം നൂറ്റാണ്ടിലുമായി കണ്ടെടുത്ത ഒട്ടേറെ ശില്‍പങ്ങളും ലിഖിതങ്ങളും പ്രദര്‍ശനത്തിലുണ്ട്. നൃത്തം ചെയ്യുന്ന അപ്സരസ് തിരികെ എത്തിച്ചത് യു.എസില്‍നിന്നാണ്.
ഓസ്ട്രേലിയ, കൊറിയ, തായ്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ബുദ്ധകാലഘട്ടത്തിലെ ശേഷിപ്പുകള്‍ വീണ്ടെടുത്തിരുന്നു. ജനനം മുതല്‍ മരണം വരെയുള്ള ബുദ്ധന്‍റെ ജീവിതം, ബുദ്ധമത തത്വങ്ങള്‍, ആശയങ്ങള്‍ എന്നിവയെല്ലാം കല്ലിലും ലോഹത്തിലും കൊത്തിവച്ചിട്ടുണ്ട്. അന്നത്തെ കരവിരുതും ശില്‍പചാതുര്യവും ഇത് വ്യക്തമാക്കുന്നു. രാജ്യത്തെ വിവിധ മ്യൂസിയങ്ങളില്‍ സൂക്ഷിച്ച ശേഷിപ്പുകള്‍ ആദ്യമായി ഒരുമിച്ച് കാണാനുള്ള അവസരം കൂടിയാണ് പ്രദര്‍ശനത്തിലൂടെ കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഒരുക്കിയിട്ടുള്ളത്. ഡല്‍ഹി റായ് പിത്തോറ കള്‍ച്ചറല്‍ സെന്‍ററില്‍ നടക്കുന്ന എക്സിബിഷന്‍ ആറുമാസം നീണ്ടുനില്‍ക്കും.