പ്രവാസലോകത്തെ തിരക്കുകൾക്കിടയിലും മണ്ണറിഞ്ഞ് അധ്വാനിച്ചാൽ മണലാരണ്യത്തിലും പൊന്ന് വിളയിക്കാമെന്ന് തെളിയിക്കുകയാണ് ഒരു കാസർകോഡുകാരന്‍. കഴിഞ്ഞ ഒൻപത് വർഷമായി അബുദാബി മുസഫ ഷാബിയയിൽ വാച്ച്മാനായി ജോലി ചെയ്യുന്ന അബ്ദുൾ ഷുക്കൂർ, കെട്ടിടത്തിന് മുന്നിലെ ഒഴിഞ്ഞ ഇടത്തും വളപ്പിലുമാണ് കൃഷിയിൽ നൂറുമേനി വിളവെടുക്കുന്നത്. മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന ചൂടിനെ അതിജീവിച്ച് ഷുക്കൂർ തീർത്ത ഈ ഹരിതവിസ്മയം ഇന്ന് പ്രവാസലോകത്തിന് തന്നെ വലിയൊരു മാതൃകയാവുകയാണ്. 

അബുദാബി മുസഫ ഷാബിയ 12-ലെ മൂന്ന് നില കെട്ടിടത്തിന് മുന്നിലെത്തിയാൽ നാട്ടിൻപുറത്തെ ഏതെങ്കിലും പച്ചക്കറിത്തോട്ടത്തിൽ എത്തിയ പ്രതീതിയാണ് ഓരോ പ്രവാസിക്കും അനുഭവപ്പെടുക. കെട്ടിട ഉടമയുടെ അനുമതിയോടെ തുടങ്ങിയ കൃഷിയിടത്തിൽ വെള്ളരിക്ക, പാവയ്ക്ക, ചീര, കുക്കുംബർ തുടങ്ങി ഇരുപതിലേറെ ഇനം പച്ചക്കറികളാണ് വർഷത്തിൽ എട്ടു മാസവും സമൃദ്ധമായി വിളയുന്നത്. 

പുലർച്ചെ നാലുമണിക്ക് ഉണർന്ന് ചെടികൾക്ക് വെള്ളമൊഴിച്ചും വളമിട്ടും തോട്ടത്തെ പരിപാലിച്ചു തുടങ്ങുന്നതാണ് ഷുക്കൂറിന്റെ ഓരോ ദിവസവും. വീട്ടിൽ ഉണ്ടാകുന്ന മീനിന്റെ മാലിന്യങ്ങളും ചാണകവും ഇടകലർത്തി കൃത്യമായ അനുപാതത്തിലാണ് ഇദ്ദേഹം ഇവയ്ക്കുള്ള ജൈവവളം തയ്യാറാക്കുന്നത്.

ഷുക്കൂറിന്‍റെ ഈ ഹരിതവിജയം കണ്ട് പ്രചോദനം ഉൾക്കൊണ്ട് സമീപത്തെ മറ്റ് ഫ്ലാറ്റുകളിലുള്ള താമസക്കാരും വാച്ച്മാൻമാരും ഇപ്പോൾ സമാനമായ രീതിയിൽ കൃഷി ആരംഭിച്ചിട്ടുണ്ട്. ഷുക്കൂറിന്‍റെ കൃഷിയോടുള്ള ആത്മാർത്ഥത കണ്ട് സുഹൃത്തുക്കളും ബന്ധുക്കളും കൃഷിക്കാവശ്യമായ വിത്തുകളും മറ്റും എത്തിച്ചു നൽകി  വലിയ പിന്തുണയാണ് നൽകുന്നത്.

തന്‍റെ  അധ്വാനത്തിൽ നിന്ന് ലഭിക്കുന്ന വിഷരഹിത വിഭവങ്ങൾ ഫ്ലാറ്റിലെ താമസക്കാർക്കും സുഹൃത്തുക്കൾക്കും സൗജന്യമായി വീതിച്ചു നൽകുന്നതിലാണ് ഷുക്കൂറിന്‍റെ സന്തോഷം. ഇന്ന് ഈ മേഖലയിലെ മിക്ക തീൻമേശകളിലും എത്തുന്നത് ഷുക്കൂറിന്‍റെ  ഈ കൊച്ചു ഫാർമിലെ ഫ്രഷ് പച്ചക്കറികളാണെന്നതാണ് യാഥാർത്ഥ്യം.

വാരാന്ത്യങ്ങളിൽ അനേകം ആളുകൾ ഷുക്കൂറിന്റെ ഈ പച്ചക്കറിത്തോട്ടം കാണാനെത്തുന്നുണ്ട് . പതിവ് ജോലിക്കിടയിൽ ഈ കൃഷിയിടത്തിൽ  നിന്നും ഷുക്കൂറിന് ലഭിക്കുന്നത് നൂറുമേനി വിളവ് മാത്രമല്ല, മനംനിറയെ സന്തോഷവും സംതൃപ്തിയുമാണ്.

ENGLISH SUMMARY:

UAE vegetable farming is thriving thanks to dedicated individuals. An expatriate from Kasaragod is successfully cultivating vegetables in Abu Dhabi, inspiring others with his dedication and organic practices in the desert landscape.