രാജ്യതലസ്ഥാനത്ത് വീണ്ടും ഞെട്ടിക്കുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്. ഡോക്ടര്‍മാരായ വയോധിക ദമ്പതികളില്‍ നിന്ന് 14.85 കോടി രൂപ തട്ടിയെടുത്തു. ഗ്രേറ്റർ കൈലാഷിൽ താമസിക്കുന്ന ഓം തനേജ, ഭാര്യ ഇന്ദിര തനേജ എന്നിവരാണ് തട്ടിപ്പിന് ഇരയായത്. പൊലീസ്, ടെലികോം ഉദ്യോഗസ്ഥരായി ചമഞ്ഞ് ഡിസംബര്‍ 24നും ജനുവരി 9നും ഇടയില്‍ വിഡിയോ കോള്‍ ചെയ്തായിരുന്നു തട്ടിപ്പ്.
തട്ടിപ്പ് നടന്നതിങ്ങനെ, ടെലികോം റെഗുലേറ്ററി അതോറിറ്റിയില്‍ നിന്നാണെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാര്‍ ആദ്യം വിളിച്ചത്. ദമ്പതികളുടെ നമ്പറില്‍ നിന്നും അശ്ലീല കോളുകള്‍ വരുന്നതായി 20ലധികം ആളുകള്‍ വിളിച്ച് പരാതി നല്‍കിയിട്ടുണ്ടെന്ന് അറിയിക്കുകയും ഇതിന്‍റെ വിവരങ്ങള്‍ ചോദിച്ചറിയാന്‍ പൊലീസ് വിളിക്കും എന്നു പറഞ്ഞശേഷം കോള്‍ കട്ട് ചെയ്തു. തുടര്‍ന്ന് മുംബൈയിലെ കൊളാംബ പൊലീസ് സ്റ്റേഷനില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി വിഡിയോ കോള്‍ ചെയ്തു.
കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ മഹാരാഷ്ട്രയിൽ എഫ്‌ഐആറും അറസ്റ്റ് വാറണ്ടുമുണ്ടെന്ന് പറയുകയും ഇരുവരെയും ഡിജിറ്റല്‍ അറസ്റ്റ് ചെയ്യുകയുമാണെന്നും അറിയിച്ചു. പിന്നീട് വെരിഫിക്കേഷന്‍ ആണെന്ന് പറഞ്ഞ് 8 തവണകളായി 14.85 കോടി രൂപ എട്ട് ബാങ്ക് അക്കൗണ്ടുകളിലേക്കായി നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു.
ബാങ്ക് ഉദ്യോഗസ്ഥർക്ക് സംശയം തോന്നാതിരിക്കാൻ ദമ്പതികൾക്ക് കൃത്യമായ 'പരിശീലനം' വരെ തട്ടിപ്പുകാർ നൽകിയിരുന്നു. പണം കൈമാറ്റം ചെയ്യുമ്പോള്‍ അവരോട് എന്ത് പറയണമെന്നും അവര്‍ ട്രെയിനിങ് കൊടുത്തതായി വൃദ്ധ ദമ്പതികള്‍ പൊലീസിന് മൊഴി നല്‍കി. ആര്‍.ബി.ഐയില്‍നിന്ന് പണം റീഫണ്ട് ലഭിക്കാനായി അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തിയാല്‍ മതിയെന്നും തട്ടിപ്പുകാര്‍ പറഞ്ഞു. ഇതുപ്രകാരം ദമ്പതികള്‍ ഇന്നലെ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.
ഐഐടിയില്‍ ഡല്‍ഹിയിലെ മുന്‍ വിദ്യാര്‍ഥിയായ ഓം തനേജ 48 വര്‍ഷം യുഎസില്‍ ജോലി ചെയ്ത ശേഷമാണ് ഇന്ത്യയിലേക്ക് തിരികെ എത്തിയത്. ജീവിതത്തിലെ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ടതിന്‍റെ ഞെട്ടലിലാണ് ദമ്പതികള്‍. ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി അന്വേഷണം സ്പെഷ്യൽ സെല്ലിന്റെ സൈബർ യൂണിറ്റായ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസിന് കൈമാറുകയും ചെയ്തു.