ജയിലില്‍ കഴിയുന്ന ആക്റ്റിവിസ്റ്റ് ഉമര്‍ ഖാലിദിന് പിന്തുണയറിയിച്ച് കത്തെഴുതിയ ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനിയുടെ ഇടപെടലില്‍ അതൃപ്തി അറിയിച്ച് ഇന്ത്യ. മറ്റ് ജനാധിപത്യ രാജ്യങ്ങളിലെ നിയമവ്യവസ്ഥയെ ബഹുമാനിക്കണമെന്നും സ്വന്തം ജോലിയില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ന്യൂയോര്‍ക്ക് മേയറായി സത്യപ്രതിജ്ഞ ചെയ്ത മംദാനി ഇന്ത്യന്‍ കാര്യങ്ങളില്‍ ഇടപെടുന്നതിനെതിരെ കഴിഞ്ഞയാഴ്ച്ചയാണ് ബിജെപിയും അതിശക്തമായി പ്രതികരിച്ചത്. ഇന്ത്യന്‍ ആഭ്യന്തരത്തില്‍ ഇടപെടാന്‍ ഇയാള്‍ ആരാണന്നായിരുന്നു ബിജെപി ഉന്നയിച്ച ചോദ്യം. കഴിഞ്ഞ മാസം ഉമർ ഖാലിദിന്റെ മാതാപിതാക്കളെ കണ്ടപ്പോൾ മംദാനി സ്വന്തം കൈപ്പടയില്‍ എഴുതിയൊരു കത്ത് കൈമാറിയിരുന്നു.
ഉമര്‍ ഖാലിദിനോടുള്ള തന്റെ ഐക്യദാര്‍ഢ്യമായിരുന്നു മംദാനി കത്തിലൂടെ അറിയിച്ചത്. ‘പ്രിയപ്പെട്ട ഉമർ, നിങ്ങളുടെ മാതാപിതാക്കളെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഞങ്ങളെല്ലാം നിങ്ങളെ ഓർക്കുന്നു, നിങ്ങളുടെ കയ്പ്പേറിയ അനുഭവങ്ങളെക്കുറിച്ചും ബോധ്യമുണ്ട്’– ഇതായിരുന്നു മംദാനിയുടെ കത്തിലെ ഉള്ളടക്കം.
ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് ജയ്സ്വാള്‍ മംദാനിയുടെ കാര്യം പറഞ്ഞത്. ‘വ്യക്തിപരമായ മുൻവിധികൾ പ്രകടിപ്പിക്കുന്നത് ഔദ്യോഗിക പദവിയിലിരിക്കുന്നവർക്ക് ചേർന്നതല്ലെന്നും അത്തരം അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതിന് പകരം അവരെ ഏൽപ്പിച്ച ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലതെന്നും ജയ്സ്വാള്‍ പറഞ്ഞു.
ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിൽ അംഗമായിരുന്ന കാലത്തു തന്നെ മംദാനി ഖാലിദിന് പിന്തുണ നൽകിയിരുന്നു. 2023 ജൂണിൽ, പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദർശനത്തിനെതിരെ നടന്ന പ്രതിഷേധത്തിലും ഖാലിദിനോടുള്ള പിന്തുണ മംദാനി അറിയിച്ചിരുന്നു.
53 പേർ കൊല്ലപ്പെട്ട, 2020 ഫെബ്രുവരിയിലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിലാണ് കഴിഞ്ഞ അഞ്ച് വർഷത്തോളമായി ഖാലിദ് ജയിലിൽ കഴിയുന്നത്. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഡിസംബർ 16 മുതൽ 29 വരെ ഖാലിദിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.