ഒഴിപ്പിക്കലിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായ ഡല്‍ഹി തുര്‍ക്്മാന്‍ഗേറ്റ് പരിസരത്ത് പൊലീസ് വിന്യാസം തുടരുന്നു. അടിയന്തര ഒഴിപ്പിക്കലിന് പിന്നില്‍ സുരക്ഷാകാരണങ്ങളുണ്ടെന്ന് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. വിഐപി വാഹനവ്യൂഹങ്ങള്‍ സ്ഥിരമായി കടന്നു പോകുന്നയിടമാണ് രാം ലീല മൈതാനിക്ക് തൊട്ടടുത്തുള്ള ഈ തെരുവ്. ചെങ്കോട്ട സ്ഫോടനക്കേസിലെ പ്രതിയുടെ വാഹനം ഏറെ നേരം നിര്‍ത്തിയിട്ടിരുന്നതും ഇവിടെത്തന്നെ. എന്നാല്‍ വഖഫ് ഭൂമിയിലെ കെട്ടിടങ്ങളാണ് പൊളിച്ചതെന്ന് പള്ളിക്കമ്മിറ്റി അവകാശപ്പെട്ടു.
ഡല്‍ഹി ഗേറ്റ് മുതല്‍ കമല മാര്‍ക്കറ്റ് വരെ നീളുന്ന ആസഫ് അലി റോഡിന്‍റെ വശങ്ങളിലാണ് ഇടിച്ചുനിരത്തല്‍ നടന്നത്. രാജ്യതലസ്ഥാനത്തെ പല പ്രധാനപരിപാടികളുടെയും വേദിയായ രാം ലീല മൈതാനിയിലേക്കുള്ള പാതയുടെ സുരക്ഷാ പ്രാധാന്യമാണ് അധികാരികള്‍ ചൂണ്ടിക്കാട്ടുന്നത്. രണ്ട് മാസം മുമ്പുണ്ടായ ചെങ്കോട്ട സ്ഫോടനത്തിലെ മുഖ്യപ്രതി ഉമര്‍ നബി, ആക്രമണത്തിന് തൊട്ടുമുമ്പ് കാര്‍നിര്‍ത്തിയിട്ട ശേഷം സയ്യിദ് ഫൈസ് എലാഹി പള്ളിയില്‍ 15 മിനിറ്റ് ചിലവിട്ടിരുന്നു. സേവ് ഇന്ത്യ ഫൗണ്ടേഷന്‍ എന്ന സംഘടനയാണ് ഈ മേഖലയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 0.195 ഏക്കർ ഭൂമി മാത്രമാണ് പള്ളിക്ക് നിയമപരമായി അവകാശപ്പെട്ടത് എന്ന് പരാതിക്കാരും ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനും കോടതിയില്‍ രേഖകള്‍ സഹിതം വ്യക്തമാക്കി. 1940ല്‍ പള്ളിക്ക് പാട്ടത്തിന് നല്‍കിയ ഭൂമിയാണിത്. ഇതിനപ്പുറം റോഡിന്‍റെ വശങ്ങളിലുള്ള കടകള്‍, ഒരു സ്വകാര്യ ഡയഗനോസ്റ്റിക് സെന്റർ, വിവിധ ലാബുകള്‍, പാർക്കിങ് ഏരിയ, എന്നിവ കയ്യേറ്റമാണെന്ന് കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ തെളിയിക്കുന്നു.
38,940 സ്ക്വയർ ഫീറ്റ് വരുന്ന അനധികൃത കയ്യേറ്റങ്ങളാണ് പൊളിച്ചതെന്ന് എംസിഡി വ്യക്തമാക്കി. എന്നാല്‍ നൂറ്റാണ്ട് പഴക്കമുള്ള പള്ളിയോട് ചേര്‍ന്നുള്ള വഖഫ് ഭൂമിയിലാണ് ഇവയെല്ലാം പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് പള്ളിക്കമ്മിറ്റി അവകാശപ്പെടുന്നത്.