മോശം വായു നിലവാരത്തിൽ ശ്വാസം കിട്ടാതെ മുംബൈ നഗരം. കഴിഞ്ഞ ഒരു മാസമായി നഗരത്തിലെ വായുനിലവാരം മോശം നിലയിൽ തുടരുകയാണ്. അന്തരീക്ഷ മലിനീകരണം ഗതാഗസംവിധാനങ്ങളെ അടക്കം ബാധിച്ചതോടെ നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
മുംബൈ നഗരത്തിൽ ഇന്ന് കാണുന്നത് വെറുമൊരു മഞ്ഞല്ല, മറിച്ച് ശ്വാസം മുട്ടിക്കുന്ന വിഷപ്പുകയാണ്. കഴിഞ്ഞ ഒരു മാസമായി നഗരത്തിലെ വായുമലിനീകരണ തോത് മോശം നിലയിലാണ്. ഇതോടെ നഗരത്തിലെ പല നിർമ്മാണ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെക്കാൻ നിർദ്ദേശം നൽകി.ബുള്ളറ്റ് ട്രെയിൻ, മെട്രോ പാതകളുടെ വിപുലീകരണം, നഗരത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന വൻകിട കെട്ടിട നിർമ്മാണങ്ങൾ എന്നിവയാണ് പൊടിപടലങ്ങൾക്ക് പ്രധാന കാരണം. ഏകദേശം 6 കിലോമീറ്ററോളം ഉയരത്തിൽ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുകയാണ്. ഇത് നഗരവാസികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു.
വായു നിലവാരം മോശമായത് വിമാന സർവീസുകളെ സാരമായി ബാധിക്കുന്നുണ്ട്. മലിനീകരണം കൂടുന്നതിനൊപ്പം കാറ്റിന്റെ വേഗത കുറഞ്ഞതും തിരിച്ചടിയായി. അതേസമയം വായുമലിനീകരണം കുറയ്ക്കാൻ വേണ്ടത്ര നടപടികൾ സർക്കാരിൽ നിന്ന് ഉണ്ടാകുന്നില്ലെന്ന വിമർശനവും ശക്തമാണ്.