Image: Indian Army stand near the line of control,AFP
ഇന്ത്യക്കെതിരെ കുട്ടികളെ ഉപയോഗിച്ചുള്ള പുതിയ നീക്കത്തിലാണ് പാക്കിസ്ഥാന്‍. കഴിഞ്ഞ ദിവസം ജമ്മു സ്വദേശിയായ 15കാരനെ പഞ്ചാബിലെ പത്താന്‍കോട്ടില്‍ നിന്നും പിടികൂടിയിരുന്നു. 37 കുട്ടികള്‍ സമാനമായ സംശയത്തിന്റെ പേരില്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തിനല്‍കാനായാണ് ഐഎസ്ഐ കുട്ടികളെ ഉപയോഗിക്കുന്നത്.
ഇന്ത്യന്‍ സൈനിക നീക്കങ്ങളും സൈനികരുടെ വാഹനങ്ങള്‍ സഞ്ചരിക്കുന്ന വഴികളും ഫോട്ടോയും വിഡിയോയും ചിത്രീകരിച്ച് പ്രത്യേക ആപില്‍ അപ്‌ലോഡ് ചെയ്യാനാണ് പാക്കിസ്ഥാന്‍ കുട്ടികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം നിരീക്ഷണത്തിലുള്ള പല കുട്ടികള്‍ക്കും തങ്ങള്‍ പാക് ചാരസംഘടനയുടെ വലയിലാണോ എന്ന ബോധ്യമുണ്ടോയെന്ന കാര്യത്തില്‍പ്പോലും സംശയമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ ചാരവൃത്തിക്കായി ഇന്ത്യന്‍ കുട്ടികളെ റിക്രൂട്ട് ചെയ്യുന്നുവെന്ന വാര്‍ത്ത വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. അറസ്റ്റിലായ 15കാരന്‍ ഏതാണ്ട് ഒരു വർഷമായി ഐഎസ്‌ഐ ഏജന്റുമാരുമായി ബന്ധം പുലർത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. മൊബൈല്‍ ആപിലൂടെ ഇന്ത്യയെക്കുറിച്ചുള്ള രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ കുട്ടി കൈമാറിയതായും അന്വേഷണത്തില്‍ കണ്ടെത്തി.
കുട്ടിയെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും കുട്ടി ഒറ്റയ്ക്കായിരുന്നില്ല പ്രവര്‍ത്തിച്ചതെന്നും കണ്ടെത്തി. പഞ്ചാബിലെ വിവിധ ജില്ലകളില്‍ നിന്നുള്ള കുട്ടികളും ഐഎസ്ഐ ബന്ധം പുലര്‍ത്തിയിരുന്നെന്ന് വ്യക്തമായി. എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.