ഗ്വാളിയറിൽ യോഗാസനങ്ങൾ ചെയ്യുന്ന സ്ത്രീകളുടെ ചുവർചിത്രങ്ങൾ അശ്ലീലമായ രീതിയിൽ വികൃതമാക്കി സാമൂഹിക വിരുദ്ധര്‍. നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി വരച്ച ഈ ചിത്രങ്ങൾക്കു നേരെ നടന്ന അതിക്രമത്തിന്‍റെ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കറുത്ത നിറത്തില്‍ നിഴല്‍ രൂപങ്ങള്‍ പോലെയുള്ള ചിത്രങ്ങള്‍ക്ക് നേരെയാണ് വൈകൃതം നടന്നിരിക്കുന്നത്.
പിന്നാലെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ചിത്രങ്ങള്‍ പോലും സുരക്ഷിതമല്ലാത്ത രാജ്യത്ത് സ്ത്രീകള്‍ക്ക് എന്ത് സുരക്ഷ എന്നാണ് വിമര്‍ശനം. പീഡനവാര്‍ത്തകളില്‍ പെണ്‍കുട്ടികളുടെ വസ്ത്രത്തിന്‍റെ അളവെടുക്കുന്നവര്‍ക്ക് ഇതിനോട് എന്താണ് പറയാനുള്ളതെന്നാണ് മറ്റൊരു ചോദ്യം.
പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് ഗ്വാളിയർ മുൻസിപ്പൽ കോർപ്പറേഷൻ ചുമരിലെ ചിത്രങ്ങള്‍ വെള്ള പെയിന്‍റ് ഉപയോഗിച്ച് മറച്ചു. ഈ നടപടിക്കെതിരെയും പ്രതിഷേധമുയരുകയാണ്. കുറ്റവാളികളെ പിടിക്കുന്നതിന് പകരം കുറ്റകൃത്യം മറയ്ക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്നാണ് വിമര്‍ശനം. ചിത്രങ്ങള്‍ക്ക് മേല്‍ പെയിന്‍റടിച്ചാലും ഇത് ചെയ്തവരുടെ മാനസികാവസ്ഥയെ എങ്ങനെ ശരിയാക്കാനാവും എന്ന് ചോദ്യം ഉയരുന്നു. ഇനി അവിടെ പുതിയ ചിത്രങ്ങൾ വരപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.
ആക്രമണം നടത്തിയവരെ കണ്ടെത്താൻ അന്വേഷണം നടത്തിവരികയാണ്. അതേസമയം വൈകൃതമായ ചിത്രങ്ങളിലെ ഭാഗങ്ങള്‍ക്ക് കറുത്ത നിറം തന്നെ നല്‍കി പൂര്‍വസ്ഥിതിയിലാക്കാന്‍ ശ്രമിക്കുന്ന യുവാവിന്‍റെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.