സഹപ്രവർത്തകയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുകയും മതം മാറ്റാൻ സമ്മർദം ചെലുത്തുകയും ചെയ്ത കേസിൽ ഒളിവില്‍ കഴിയുന്ന ലക്നൗ കിംഗ് ജോർജ്ജ് ആരോഗ്യസര്‍വകലാശാലയിലെ (കെജിഎംയു) ഡോക്ടറുടെ മാതാപിതാക്കള്‍ അറസ്റ്റില്‍. കെജിഎംയുവിലെ റസിഡന്‍റ് ഡോക്ടറായ റമീസുദ്ദീന്‍റെ മാതാപിതാക്കളെയാണ് തിങ്കളാഴ്ച ലക്നൗ പോലീസ് അറസ്റ്റ് ചെയ്തത്.
മകനെ വിവാഹം കഴിക്കുന്നതിനായി ആഗ്ര മെഡിക്കൽ കോളേജിലെ ഒരു റസിഡന്‍റ് ഡോക്ടറെയും മറ്റൊരു ഡോക്ടറെയും മതം മാറാന്‍ സമ്മർദം ചെലുത്തിയതിനാണ് സലിമുദ്ദീൻ (70), ഖദീജ (60) എന്നിവരെ ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ചെയ്തത്. ലക്നൗവിലെ ഓൾഡ് സിറ്റി ഏരിയയിലെ ഒരു വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഒളിവിൽ കഴിയുന്ന ഇവരുടെ മകനും ഡോക്ടറുമായ റമീസുദ്ദീനെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്കുള്ള പാരിതോഷികം 25,000 രൂപയിൽ നിന്ന് 50,000 രൂപയായി പോലീസ് വർധിപ്പിച്ചിട്ടുണ്ട്. തന്‍റെ സീനിയര്‍ സഹപ്രവർത്തകൻ ആവർത്തിച്ചുള്ള ലൈംഗിക പീഡനത്തിനും മതം മാറ്റത്തിനും നിർബന്ധിച്ചുവെന്ന് ആരോപിച്ച് വനിതാ ഡോക്ടർ നൽകിയ പരാതിയെ തുടർന്നാണ് കേസ്.
മതപരിവർത്തനത്തിന് നിർബന്ധിച്ചതിലും യുവതികളുടെ ഗർഭം അലസിപ്പിച്ചതിലും മാതാപിതാക്കള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈ രണ്ടുകുറ്റങ്ങള്‍ക്കും പുറമേ ഇരകളെ ലൈംഗികമായി ചൂഷണം ചെയ്തതിനും റമീസുദ്ദീനെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്ന് ഡിസിപി കൂട്ടിച്ചേർത്തു. മാതാപിതാക്കളെ ചോദ്യം ചെയ്തപ്പോൾ, നിക്കാഹ് നടത്തിയയാളുടെയും സാക്ഷിയുടെയും പേരുകൾ പുറത്തുവന്നിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കേസിൽ അവരെ പ്രതികളാക്കണമോ എന്ന് ഉറപ്പാക്കാൻ അവരുടെ പങ്ക് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.
അതേസമയം, ജാമ്യമില്ലാ വാറണ്ട് ലഭിച്ചതിനെത്തുടർന്ന് റസിഡന്‍റ് ഡോക്ടറെ കണ്ടെത്താൻ പൊലീസ് സംഘങ്ങളെ വിവിധ സ്ഥലങ്ങളിലേക്ക് അയച്ചിട്ടുണ്ട്. ഡിസംബർ 23 ന് കെജിഎംയുവിലെ സഹപ്രവർത്തകൻ പരാതി നൽകിയതിനെത്തുടർന്ന് മെഡിക്കൽ യൂണിവേഴ്സിറ്റി നേരത്തെ ഡോക്ടറെ സസ്‌പെൻഡ് ചെയ്തിരുന്നു. മതപരിവർത്തന കുറ്റങ്ങൾക്ക് പുറമേ ബിഎൻഎസ് സെക്ഷൻ 69 (വഞ്ചനാപരമായ മാർഗങ്ങൾ ഉപയോഗിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടൽ മുതലായവ), 89 (സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭം അലസിപ്പിക്കൽ), 351 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ ചുമത്തി പോലീസ് പ്രതിക്കെതിരെ കേസെടുത്തിരുന്നു.
രണ്ടാമത്തെ യുവതിയുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ സ്വയം റമീസിന്‍റെ ഭാര്യയാണെന്ന് പരിചയപ്പെടുത്തിയെന്നും കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന വിവാഹത്തിനായി മതം മാറിയതായി യുവതി തന്നോട് വെളിപ്പെടുത്തുയായിരുന്നുവെന്നും പരാതിക്കാരിയായ കെജിഎംയുവിലെ ഡോക്ടര്‍ പൊലീസിനോട് പറഞ്ഞു.