കേരളമടക്കം എല്ലാ സംസ്ഥാനങ്ങള്‍ക്കും വന്ദേഭാരത് സ്ലീപ്പര്‍ അനുവദിക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. ഈ വര്‍ഷം അഞ്ച് റൂട്ടുകളില്‍ കൂടി സര്‍വീസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ എത്തിയ ആദ്യ റേക്കില്‍ പരിശോധന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഹൗറ– ഗുവഹാത്തി റൂട്ടില്‍ സര്‍വീസ് നടത്താന്‍ ഒരുങ്ങുന്ന രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ആണിത്. സുഗമമായ ദീര്‍ഘദൂര യാത്രയ്ക്ക് അനുയോജ്യമായ തരത്തിലാണ് കോച്ചുകള്‍ ഒരുക്കിയിട്ടുള്ളത്. മന്ത്രി അശ്വിനി വൈഷ്ണവ് നേരിട്ടെത്തി സൗകര്യങ്ങള്‍ വിലയിരുത്തി. സുഗമമായ ദീര്‍ഘദൂരയാത്ര ലക്ഷ്യമിട്ടാണ് വന്ദേഭാരത് സ്ലീപ്പര്‍ ഒരുക്കിയിട്ടുള്ളതെന്ന് അശ്വിനി വൈഷ്ണവ്. കേരളത്തിന് വന്ദേഭാരത് അനുവദിക്കുമെന്ന് പറഞ്ഞെങ്കിലും എപ്പോള്‍ എന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല.
വൈകിട്ട് യാത്രപുറപ്പെട്ട് രാവിലെ ലക്ഷ്യസ്ഥാനത്ത് എത്തുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്. മുകളിലെ ബര്‍ത്തിലേക്ക് കയറാന്‍ ചവിട്ടുപടികളും മൊബൈല്‍ ഫോണ്‍, ലാപ്ടോപ് ചാര്‍ജറുകളും അടക്കം ആധുനിക സംവിധാനങ്ങളെല്ലാം ട്രെയിനിലുണ്ട്. കവച് സുരക്ഷാ സംവിധാനവും ഘടിപ്പിച്ചിട്ടുണ്ട്