സൊഹ്റാന്‍ മംദാനി, ന്യൂയോര്‍ക്ക് മേയര്‍ (ഫയല്‍ ചിത്രം)
അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിന്‍റെ മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ജയിലിലടയ്ക്കപ്പെട്ട ഇന്ത്യൻ ആക്ടിവിസ്റ്റ് ഉമർ ഖാലിദിന് സൊഹ്‌റാൻ മംദാനി എഴുതിയ കത്ത് പുറത്തുവന്നിരുന്നു. ‘പ്രിയപ്പെട്ട ഉമർ, ഞങ്ങളുടെ ചിന്തകളിൽ നീയുണ്ട്’ എന്ന് എഴുതിയ കത്താണ് മംദാനി മേയറായി സത്യപ്രതിജ്ഞ ചെയ്ത വ്യാഴാഴ്ച സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. കത്തിന് പിന്നാലെ മംദാനിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബിജെപി. ന്യൂയോര്‍ക്ക് മേയര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്നാണ് ബിജെപിയുടെ ആരോപണം.
ഗൗരവ് ഭാട്ടിയ (ഫയല്‍ ചിത്രം | എഎന്‍ഐ)
ഒരു കുറ്റാരോപിതനെ പിന്തുണച്ച് രംഗത്തെത്തുകയോ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയോ ചെയ്യുകയാണെങ്കില്‍ രാജ്യം അത് സഹിക്കില്ല എന്നായിരുന്നു പാർട്ടി ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തില്‍ ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ പ്രതികരണം. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാൻ മംദാനിക്ക് അവകാശമുണ്ടോ എന്നും ചോദ്യമുണ്ട്. ‘നമ്മുടെ ജനാധിപത്യത്തെയും നീതിന്യായ വ്യവസ്ഥയെയും കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കാൻ ഈ പുറത്തുള്ളയാൾ ആരാണ്? അതും ഇന്ത്യയെ തകർക്കാൻ ആഗ്രഹിക്കുന്ന ഒരാളെ പിന്തുണയ്ക്കാൻ? ഇത് ന്യായമല്ല’ഗൗരവ് ഭാട്ടിയ പറഞ്ഞു. ഇത്തരം നടപടികൾ ഇന്ത്യ വെച്ചുപൊറുപ്പിക്കില്ല. ഇന്ത്യയിലെ ജനങ്ങൾക്ക് രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ട്. ഇന്ത്യയുടെ പരമാധികാരം വെല്ലുവിളിക്കപ്പെട്ടാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാഷ്ട്രം ഒറ്റക്കെട്ടായി നിൽക്കുമെന്നും ഗൗരവ് ഭാട്ടിയ വ്യക്തമാക്കിയിരുന്നു.
‘പ്രിയപ്പെട്ട ഉമർ, കയ്പേറിയ അനുഭവങ്ങൾ ഒരാളെ പൂർണ്ണമായും കീഴടക്കാൻ അനുവദിക്കരുത് എന്ന നിങ്ങളുടെ വാക്കുകൾ ഞാൻ പലപ്പോഴും ഓർക്കാറുണ്ട്. നിങ്ങളുടെ മാതാപിതാക്കളെ കണ്ടുമുട്ടാൻ കഴിഞ്ഞതിൽ സന്തോഷം. ഞങ്ങളുടെ എല്ലാവരുടേയും ചിന്തയിൽ നീയുണ്ട്’ എന്നായിരുന്നു മംദാനിയുടെ കത്ത്. ഖാലിദിന്റെ സുഹൃത്തായ ബാനോജ്യോത്സ്ന ലാഹിരിയാണ് കത്ത് എക്സിൽ പങ്കുവയ്ക്കുന്നത്. പിന്നാലെ കത്ത് വ്യാപകമായി പ്രചരിക്കുകയായിരുന്നു. നേരത്തെ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗമായിരുന്ന കാലത്തും ഉമർ ഖാലിദിന്‍റെ തടവ് നീളുന്നതിനെതിരെ മംദാനി പരസ്യമായി പ്രതികരിച്ചിരുന്നു. മേയറായി ചുമതലയേറ്റെടുത്തതിന് പിന്നാലെയുള്ള മംദാനിയുടെ നിലപാട് ആഗോള ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
ഉമര്‍ ഖാലിദ് (ഫയല്‍ ചിത്രം)
മംദാനി മാത്രമല്ല, ഉമര്‍ ഖാലിദിന് ജാമ്യം അനുവദിക്കണം എന്നും ന്യായമായ വിചാരണയ്ക്ക് അവസരം ഒരുക്കണം ആവശ്യപ്പെട്ട് എട്ട് യുഎസ് പ്രതിനിധികളും ഇന്ത്യന്‍ അംബാസഡര്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്. ജാന്‍ ഷാകോസ്കി ഉള്‍പ്പെടെയുള്ളവരാണ് വിനയ് മോഹന്‍ ക്വത്രയ്ക്ക് കത്തുനല്‍കിയത്. എന്നാല്‍ ഇതിന് പിന്നില്‍ രാഹുല്‍ ഗാന്ധിയാണെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തുകയും ചെയ്തു. ഷാകോസ്കിക്കൊപ്പം രാഹുല്‍ നില്‍ക്കുന്ന ചിത്രവും ബി.ജെ.പി. പുറത്തുവിട്ടിട്ടുണ്ട്. എപ്പോഴെല്ലാം വിദേശത്ത് ഇന്ത്യ വിരുദ്ധം നീക്കം ഉണ്ടാകുന്നുവോ അപ്പോഴെല്ലാം രാഹുല്‍ ഗാന്ധിയുടെ പങ്കും വ്യക്തമാകുന്നുണ്ടെന്നാണ് ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞത്.
53 പേർ കൊല്ലപ്പെടുകയും 700 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത 2020 ഫെബ്രുവരിയിലെ ഡൽഹി കലാപത്തിന്റെ സൂത്രധാരന്‍ എന്ന് ആരോപിച്ചാണ് യുഎപിഎ ചുമത്തി ജെഎൻയു മുൻ വിദ്യാർത്ഥി ഉമര്‍ ഖാലിദിനെ ജയിലിലടയ്ക്കുന്നത്. ഐപിസി, പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍, യുഎപിഎ എന്നീ വകുപ്പുകളാണ് ഉമര്‍ ഖാലിദിനെതിരെയുള്ളത്. ഉമറിന്‍റെ ജാമ്യാപേക്ഷ 2022 മുതല്‍ കോടതിയിലാണ്.