വാന്‍കൂവര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ പൈലറ്റ് ജോലിക്കെത്തിയത് മദ്യപിച്ചെന്ന് കനേഡിയന്‍ അധികൃതര്‍. വ്യോമയാന നിയമങ്ങളുടെ കടുത്ത ലംഘനമാണിതെന്നും യാത്രക്കാരുടെ സുരക്ഷയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പെരുമാറ്റത്തിനെതിരെ കടുത്ത നിയമനടപടി ആവശ്യമാണെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
2025 ഡിസംബര്‍ 23ന് ജോലിക്കെത്തിയ എയര്‍ ഇന്ത്യ പൈലറ്റ് ഡ്യൂട്ടിക്കു മുന്‍പായുള്ള പരിശോധനകളിലെല്ലാം പരാജയപ്പെട്ടിരുന്നുവെന്ന് ട്രാൻസ്‌പോർട്ട് കാനഡയുടെ ഫോറിൻ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് എയർ ഇന്ത്യക്ക് അയച്ച മെയിലില്‍ വ്യക്തമാക്കുന്നു. രണ്ടു ബ്രെത്തനലൈസര്‍ പരിശോധനകളിലും പൈലറ്റ് മദ്യപിച്ചിരുന്നതായി കണ്ടെത്തി. ആ ദിവസം വാൻകൂവറിൽ നിന്ന് വിയന്നയിലേക്കുള്ള എയർ ഇന്ത്യയുടെ AI186 വിമാനം നിയന്ത്രിക്കേണ്ടിയിരുന്ന ക്യാപ്റ്റനായിരുന്നു ഇയാള്‍.
തുടര്‍ന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് വിഷയത്തില്‍ ഇടപെട്ട് പൈലറ്റിനോട് വിമാനത്തില്‍ നിന്നിറങ്ങാന്‍ നിര്‍ദേശിച്ചു. വിമാനക്കമ്പനിയും ജീവനക്കാരനും ചെയ്തത് ഗുരുതരമായ നിയമ ലംഘനമെന്ന് കാനഡ ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ റോയല്‍ കനേഡിയന്‍ പൊലീസും ട്രാൻസ്‌പോർട്ട് കാനഡ സിവിൽ ഏവിയേഷനും നിയമനടപടികളുമായി മുന്‍പോട്ട് പോവുകയാണ്.
കൂടാതെ ആഭ്യന്തര അന്വേഷണം നടത്തി ജീവനക്കാരനെതിരെ ശക്തമായ നടപടി സ്വീകരിക്കാനും ട്രാന്‍സ്പോര്‍ട്ട് കാനഡ എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. ജനുവരി 26-നകം എയര്‍ ഇന്ത്യ മറുപടി നല്‍കണം. പൈലറ്റിനെ അയോഗ്യനാക്കിയതിനെത്തുടര്‍ന്ന് യാത്ര വൈകിയ വിമാനം, മറ്റൊരു പൈലറ്റിനെ നിയോഗിച്ച ശേഷമാണ് യാത്ര നടത്തിയത്.