2026ല്‍ നടക്കുന്ന തമിഴ്നാട്, പുതുച്ചേരി, കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാകാൻ താൽപര്യം പ്രകടിപ്പിച്ച് പാർട്ടി പ്രവർത്തകരിൽനിന്ന് അണ്ണാ ഡിഎംകെയ്ക്ക് ലഭിച്ചത് പതിനായിരത്തിലേറെ അപേക്ഷകള്‍. ഇതില്‍ രണ്ടായിരത്തോളംപേര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി തങ്ങളുടെ മണ്ഡലത്തില്‍നിന്ന് ജനവിധി തേടണമെന്ന അപേക്ഷയുമായി എത്തിയവരാണ്.
ആകെ 10,175 അപേക്ഷകൾ ലഭിച്ചു. ഇതിൽ 2,187 അപേക്ഷകർ ജനറൽ സെക്രട്ടറി തങ്ങളുടെ മണ്ഡലത്തിൽനിന്ന് ജനവിധി തേടണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചവരാണ്. ചെന്നൈ അവ്വൈ ഷണ്‍മുഖം റോഡിലെ പാര്‍ട്ടി ആസ്ഥാനത്ത് ഡിസംബര്‍ 15നാണ് അപേക്ഷാഫോം വിതരണം തുടങ്ങിയത്. അപേക്ഷാഫോം വിതരണം ഡിസംബര്‍ 23വരെ മാത്രമായിരുന്നെങ്കിലും തിരക്ക് പരിഗണിച്ച് ഡിസംബര്‍ 31വരെ നീട്ടിയിരുന്നു.
വന്‍തുക ഫീസായി അടച്ചാണ് സ്ഥാനാര്‍ഥി മോഹികള്‍ അപേക്ഷഫോം വാങ്ങുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥിത്വം ഉറപ്പിക്കാന്‍ ഇനിയും കടമ്പകള്‍ കടക്കണം. പണച്ചെലവും ചെറുതല്ല.