പുതുവത്സര ദിനത്തിലെ ഗിഗ് തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് മറികടക്കാൻ കൂടുതൽ ആനുകൂല്യങ്ങളും ഉയർന്ന വേതനവും വാഗ്ദാനം ചെയ്ത് സൊമാറ്റോയും സ്വിഗ്ഗിയും. സ്റ്റാൻഡേർഡ് ഫെസ്റ്റിവൽ പ്രോട്ടോക്കോൾ ആണെന്നാണ് കമ്പനികള്‍ അറിയിച്ചിരിക്കുന്നത്. വർഷത്തില്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡറുകള്‍ ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ സേവനം തടസം കൂടാതെ ഉറപ്പാക്കുക എന്നതാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതിലൂടെ ലക്ഷ്യമിടുന്നതെന്ന് എറ്റേണൽ വക്താവ് പിടിഐയോട് പറഞ്ഞു. സൊമാറ്റോയും ബ്ലിങ്കിറ്റും എറ്റേണലിന്‍റെ ഉടമസ്ഥതയിലാണ്.
ഇന്ന് വൈകുന്നേരം 6 മണി മുതൽ അർദ്ധരാത്രി 12 മണി വരെയുള്ള ഓരോ ഓർഡറിനും 150 രൂപ വരെ അധികം നൽകുമെന്ന് സൊമാറ്റോ അറിയിച്ചു. ഇതുവഴി ഇന്നു ജോലി ചെയ്യുന്നവർക്ക് 3,000 രൂപ വരെ അധികമായി സമ്പാദിക്കാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. ഓർഡർ നിരസിക്കുന്നതിനും റദ്ദാക്കുന്നതിനുമുള്ള പിഴകൾ താൽക്കാലികമായി ഒഴിവാക്കിയിട്ടുമുണ്ട്. സ്വിഗ്ഗിയും ആനുകൂല്യങ്ങളും വർദ്ധിപ്പിച്ചിട്ടുണ്ട്. ഇന്നും നാളെയും ജോലി ചെയ്യുന്നവർക്ക് 10,000 രൂപ ഇൻസെന്റീവാണ് സ്വിഗ്ഗി വാഗ്ദാനം ചെയ്തിരിക്കുന്നത്. കൂടുതൽ ഓർഡർ ലഭിക്കുന്ന പുതുവത്സര ദിനത്തിലെ സമരം തിരിച്ചടിയായ സാഹചര്യത്തിലാണ് കമ്പനികളുടെ പുതിയ നീക്കം.
മെച്ചപ്പെട്ട ശമ്പളം, സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ, ജോലിസ്ഥലത്ത് കൂടുതൽ മാന്യത എന്നിവ ആവശ്യപ്പെട്ടാണ് തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്‌സ് യൂണിയൻ (TGPWU), ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ്-ബേസ്ഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് (IFAT) എന്നിവയുൾപ്പെടെയുള്ള ഭക്ഷണ വിതരണ തൊഴിലാളികള്‍ ഡിസംബർ 31 ന് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തത്.