AI Generated Image
ലിഫ്റ്റ് വാഗ്ദാനം ചെയ്ത് സിഇഒയും സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവും യുവതിയെ ഓടുന്ന കാറിനുള്ളില്‍വച്ച് ക്രൂരബലാത്സംഗത്തിന് ഇരയാക്കി. രാജസ്ഥാനിലെ ഉദയ്പൂരില്‍ ബുധനാഴ്ചയാണ് സംഭവം. കമ്പനി മാനേജരായ യുവതിയെയാണ് ക്രൂരമായി ബലാത്സംഗം ചെയ്തത്. പ്രതികളെ പൊലീസ് പിടികൂടി.
ഡിസംബര്‍ 20ന് രാത്രി 9മണിയോടെയാണ് യുവതി സ്വകാര്യ ഹോട്ടലിൽ നടന്ന പാർട്ടിക്കെത്തിയത്. പാർട്ടി പുലർച്ചെ 1:30 വരെ നീണ്ടു. പാര്‍ട്ടി കഴിഞ്ഞ് എല്ലാവരും മടങ്ങിത്തുടങ്ങിയപ്പോൾ യുവതി തനിച്ചായി. യൂബര്‍ വിളിക്കാനുള്ള തയ്യാറെടുപ്പിനിടെ കമ്പനിയുടെ സിഇഒയും, വനിതാ എക്സിക്യൂട്ടീവ് ഹെഡും, അവരുടെ ഭർത്താവും യുവതിയെ വീട്ടില്‍ കൊണ്ടുവിടാമെന്നും കാറില്‍ കയറാനും ആവശ്യപ്പെട്ടു.
എക്സിക്യുട്ടീവ് ഹെഡായ സഹപ്രവര്‍ത്തകയാണ് കൂടെ വരാനായി നിര്‍ബന്ധിച്ചത്. യുവതി കാറില്‍ കയറുംമുന്‍പേ അവരുടെ ഭര്‍ത്താവും സിഇഒയും കാറിലുണ്ടായിരുന്നു. യാത്രക്കിടെ ഒരു സ്ഥലത്ത് വണ്ടിനിര്‍ത്തി പുകവലിക്കാനുള്ള സാധനങ്ങള്‍ വാങ്ങിച്ച് യുവതിക്കും നല്‍കി. ഇത് ഉപയോഗിച്ചതോടെ യുവതിക്ക് തല കറങ്ങുന്നതുപോലെയും ബോധം നഷ്ടപ്പെടുന്നതു പോലെയും അനുഭവപ്പെട്ടു.
കുറച്ചുസമയം കഴിഞ്ഞ് അര്‍ധബോധാവസ്ഥയില്‍ കണ്ണ് തുറന്നപ്പോള്‍ സിഇഒ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്നും, അതിനുശേഷം മൂന്ന് പ്രതികളും ചേർന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതി പറയുന്നു. പുലർച്ചെ 5 മണിയോടെയാണ് യുവതിയെ വീട്ടിൽ ഇറക്കിവിട്ടത്. പൂർണ്ണമായി ബോധം വന്നപ്പോഴാണ് തന്റെ ഒരു കമ്മലും സോക്സും അടിവസ്ത്രങ്ങളും നഷ്ടപ്പെട്ട വിവരം പോലും യുവതിക്ക് മനസിലായത്. സ്വകാര്യഭാഗങ്ങളിലെല്ലാം പരുക്കും കണ്ടെത്തി .
പിറ്റേ ദിവസം തന്നെ യുവതി പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പ്രതികൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്നും മെഡിക്കൽ പരിശോധനാ റിപ്പോർട്ടും മൊഴികളും ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ഉദയ്പൂർ പോലീസ് സൂപ്രണ്ട് യോഗേഷ് ഗോയൽ പറഞ്ഞു.
കമ്പനി സിഇഒ ജയേഷ്, സഹപ്രവര്‍ത്തക ശില്‍പ, ഇയാളുടെ ഭര്‍ത്താവ് ഗൗരവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മെഡിക്കൽ റിപ്പോർട്ടിൽ പരുക്കുകള്‍ സ്ഥിരീകരിക്കുകയും കൂട്ടബലാത്സംഗത്തിന്റെ തെളിവുകളാണെന്ന് ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കേസിന്റെ അന്വേഷണച്ചുമതല അഡീഷണൽ പോലീസ് സൂപ്രണ്ട് മാധുരി വർമ്മയ്ക്ക് കൈമാറി. ബലാത്സംഗം നടന്ന കാറിന്റെ ഡാഷ്‌ക്യാമിൽ നിന്നുള്ള ഓഡിയോ, വീഡിയോ റെക്കോർഡിങ്ങുകളും പോലീസ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും തുടർ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.