ക്രിസ്മസ് ദിനത്തിലും ഹിന്ദുത്വവാദികളുടെ ആക്രമണം തുടരുന്നു. ഛത്തീസ്ഗഡ് റായ്പുരിലെ മാളില്‍ അക്രമം നടത്തി. 30 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സര്‍വ ഹിന്ദുസമാജ് ബന്ദിനിടെയാണ് ആക്രമണം. ക്രിസ്മസ് അലങ്കാരങ്ങൾ പ്രവർത്തകർ തകർത്തു. മാളിനുമുൻപിൽ സ്ഥാപിച്ചിരുന്ന സാന്റാ ക്ലോസിന്റെ രൂപവും അടിച്ചുതകർത്തു. യുപിയില്‍ ദേവാലയത്തിന് പുറത്ത് ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധം നടന്നു
'സാന്താക്ലോസിനെ കാണാൻ ആഗ്രഹിക്കുന്നില്ല' എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു ആക്രമണം. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് കൂടുതൽ നടപടിയുണ്ടാകുമെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം, മധ്യപ്രദേശിലെ ജബൽപൂരിൽ മതപരിവർത്തനം ആരോപിച്ച് അന്ധയായ യുവതിയെ ബിജെപി നേതാവ് മർദിച്ചിരുന്നു. പാലക്കാട് കുട്ടികളുടെ ക്രിസ്മസ് കാരള്‍ സംഘത്തിനു നേരെയും ആക്രമണമുണ്ടായി.
അതേ സമയം ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷൻ സന്ദർശിച്ചു. BJP സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും മോദിക്കൊപ്പം ഉണ്ടായിരുന്നു. മോദിക്കായി ബിഷപ് പോൾ സ്വരൂപ് പ്രത്യേക പ്രാർഥന നടത്തി. സുരക്ഷയുടെ ഭാഗമായി വിശ്വാസികളെ തടഞ്ഞത് അൽപ നേരം സംഘർഷത്തിന് ഇടയാക്കി.