TOPICS COVERED

ഡല്‍ഹിയില്‍ കുടിയൊഴിപ്പിക്കപ്പെട്ട് ഒരാഴ്ചയായി വീടിനുപുറത്ത് കൊടുംതണുപ്പില്‍ കഴിയുകയാണ് പിഞ്ചുകുട്ടികളും ഗര്‍ഭിണികളുമടക്കം ഇരുന്നൂറിലേറെ കുടുംബങ്ങള്‍. കൈയ്യേറ്റം ആരോപിച്ച് ഉത്തർപ്രദേശ് ജലസേചന വകുപ്പാണ് വീടുകള്‍ പൂട്ടി സീല്‍ ചെയ്തത്. മുന്‍കൂര്‍ നോട്ടീസുപോലും നല്‍കാതെയാണ് നടപടിയെന്ന് കുടുംബങ്ങള്‍ പറയുന്നു.

ഷമീനയ്ക്ക് കണ്ണീരടക്കാനാകുന്നില്ല. തണുത്തുവിറയ്ക്കുന്ന കാലാവസ്ഥയില്‍ ഒന്‍പതുമാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞുമായി ഒരാഴ്ചയായി വീടിനുപുറത്തുകഴിയുകയാണവര്‍. ആലി ഗാവിലെ ചെറിയവീട്ടില്‍നിന്ന് കുടുംബം പുറത്തേക്കെറിയപ്പെട്ടത് ഓര്‍ക്കാപ്പുറത്താണ്.  

രാവിലെ സ്കൂളില്‍ പോയ എട്ടാം ക്ലാസുകാരി നഗ്‌മ തിരിച്ചുവന്നത് പൂട്ടുവീണ വീടിനുമുന്നിലേക്ക്. ബാക്കി പുസ്തകങ്ങളും യൂണിഫോമുമെല്ലാം വീടിനകത്ത്. ഇനിയെങ്ങനെ ക്ലാസില്‍ പോകുമെന്നാണ് നഗ്‌മയുടെ ചോദ്യം. ഡല്‍ഹി ഓഖ്ല ആലി ഗാവിലെ മുന്നൂറിലേറെ വീടുകളാണ് ഉത്തര്‍പ്രദേശ് ജലസേചന വകുപ്പ് അധികൃതര്‍ പൊലീസ് സന്നാഹത്തോടെയെത്തി കുടിയൊഴിപ്പിച്ചത്.  വകുപ്പിന്‍റെ ഭൂമി കയ്യേറിയാണ് വീടുകള്‍ നിര്‍മിച്ചതെന്നാണ് വാദം. കടകള്‍ ഒഴിയാന്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. വീടൊഴിയാന്‍ മുന്നറിയിപ്പുമുണ്ടായില്ലെന്ന് കുടുംബങ്ങള്‍. ജല, വൈദ്യത കണക്ഷനുകളും വിച്ഛേദിച്ചു.  

ഡൽഹിയിൽ ഇപ്പോള്‍ കെട്ടിടങ്ങൾ പൊളിക്കുന്നതിനു വിലക്കുണ്ട്. പലരും ബന്ധുവീടുകളിലേക്ക് മാറി. പോകാനിടമില്ലാത്തവര്‍ ടാര്‍പോളിന്‍ ഷീറ്റുകള്‍ക്കുകീഴില്‍ അഭയം തേടി. കുട്ടികളും പ്രായമായവരും ഗർഭിണികളും രോഗികളും ഇക്കൂട്ടത്തിലുണ്ട്. ഡൽഹി സർക്കാർ താത്കാലിക താമസസ്ഥലമൊരുക്കി പുനരധിവസിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ചിലർ.

ENGLISH SUMMARY:

Delhi eviction is impacting hundreds of families, including children and pregnant women, left homeless in the cold. The Uttar Pradesh Irrigation Department carried out the eviction without prior notice, leaving many without shelter and basic necessities.