ഡൽഹിയിലും ഉത്തരേന്ത്യയിലും കനത്ത മൂടല്‍മഞ്ഞില്‍ താറുമാറായി വ്യോമ, ട്രെയിന്‍ ഗതാഗതം. ഡല്‍ഹിയില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഇരുന്നൂറിലേറെ സര്‍വീസുകള്‍ വൈകി. ഡൽഹിയിലെ രൂക്ഷമായ വായു മലിനീകരണം പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഡല്‍ഹി മുഖ്യന്ത്രി ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തും.
കനത്ത മൂടല്‍മഞ്ഞില്‍ പുലര്‍ച്ചെ ഡൽഹി വിമാനത്താവളത്തിലെ ദൂരക്കാഴ്ചാ പരിധി 100 മീറ്ററായി കുറഞ്ഞു. ഇതാണ് വിമാന സര്‍വീസുകളെ പ്രതിസന്ധിയിലാക്കിയത്. മൂടൽമഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ ഇന്നും ഓറഞ്ച് അലർട്ടേണ്. ഇന്നലെ ഡല്‍ഹിയില്‍നിന്നുള്ള 14 വിമാനങ്ങള്‍ റദ്ദാക്കുകയും അഞ്ഞൂറില്‍പ്പരം സര്‍വീസുകള്‍ വൈകുകയും ചെയ്തിരുന്നു. ഉത്തര്‍ പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ജമ്മുകശ്മീര്‍, പഞ്ചാബ് സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളെയും മൂടല്‍മഞ്ഞ് ബാധിച്ചു.
ഇന്‍ഡിഗോ മാത്രം ഇന്ന് രാവിലെ ഇരുപതിലേറെ സര്‍വീസുകളാണ് റദ്ദാക്കിയത്. വിമാനങ്ങൾ വൈകുമെന്നും യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും വിമാനത്താവള അതോറിറ്റിയും എയര്‍ലൈനുകളും നിര്‍ദേശിച്ചു. മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് ഉത്തരേന്ത്യയിലെ ഒട്ടേറെ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി. നിരവധി ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. ഡൽഹി-ലഖ്‌നൗ ഹൈവേയിൽ കനത്ത മൂടൽമഞ്ഞില്‍ രണ്ട് ട്രക്കുകൾ ഡിവൈഡറിൽ ഇടിച്ചുകയറി ഒരാൾക്ക് പരിക്കേറ്റു.
മൂടൽമഞ്ഞിനൊപ്പം വായുമലിനീകരണവും ഡല്‍ഹിയെ ശ്വാസംമുട്ടിക്കുന്നു. വായു ഗുണനിലവാര സൂചിക ഇന്നും 400 കടന്നു. റോഡിലെ തിരക്കും മലിനീകരണവും കുറയ്ക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍, ഓല, ഊബർ കമ്പനികളുമായി സഹകരിച്ച് 'ആപ്പ് അധിഷ്ഠിത പ്രീമിയം ബസ് സർവീസുകൾ' ആരംഭിക്കും. പുതിയ ഇലക്ട്രിക് വാഹന നയം ജനുവരിയോടെ കൊണ്ടുവരും. പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കുള്ള 10,000 രൂപ പിഴ ക്ക് ലോക് അദാലത്തുകൾ വഴി പോലും ഇളവ് നൽകേണ്ടതില്ലെന്നുമാണ് തീരുമാനം.