ഉത്തരേന്ത്യയിൽ ക്രിസ്മസ് ആഘോഷങ്ങൾക്കും ക്രൈസ്തവർക്കും എതിരായി നടക്കുന്ന ആക്രമണങ്ങള്‍ തടയാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിബിസിഐ. രാജ്യത്തിന്റെ വളർച്ച സമാധാനം, സൗഹാർദ്ദം, എന്നിവയോട് വിദ്വേഷം തുടരുന്ന തീവ്ര സംഘടനകള്‍ പടര്‍ത്തുന്ന വെറുപ്പാണിത്. മതേതരത്വത്തെ തകർത്ത് രാജ്യത്തിന്റെ പേര് നശിപ്പിക്കുകയാണെന്നും സിബിസിഐ വക്താവ് ഫാ. റോബിൻസൺ റോഡിഗ്രസ് മനോരമ ന്യൂസിനോട് പറഞ്ഞു.
ഉത്തരേന്ത്യയിൽ ക്രിസ്മസ് ആഘോഷങ്ങൾക്കും ക്രൈസ്തവർക്കും എതിരായി ബജ്റംഗ് ദൾ അക്രമവും ഭീഷണിയും തുടരുന്ന സാഹചര്യത്തിലാണ് സിബിസിഐ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയത്. ഡൽഹി ബദര്‍പൂരിന് സമീപം സാൻ്റ തൊപ്പി വെച്ച സ്ത്രീകളെ ബജ്റംഗ് ദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തിയിരുന്നു. മധ്യപ്രദേശിലെ ജബൽപൂരിൽ കാഴ്ച വൈകല്യമുള്ള കുട്ടികൾക്ക് ഒരുക്കിയ ക്രിസ്മസ് വിരുന്ന് തടയുകയും കുട്ടികളോട് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു.
ഹരിദ്വാറിലും ക്രിസ്മസ് പരിപാടി റദ്ദാക്കി. യുപി സർക്കാർ ക്രിസ്മസ് അവധി പിൻവലിച്ചു. ഇതെല്ലാം അപലപനീയമാണെന്നും ആഘോഷങ്ങൾ സമാധാനപരമായി നടത്താന്‍ ആവശ്യമായ സുരക്ഷയും ഇടപെടലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു. ആക്രമണങ്ങളെ പാലക്കാട് അതിരൂപത ബിഷപ്പ് മാര്‍ പീറ്റര്‍ കൊച്ചുപുരക്കലും അപലപിച്ചു. തുടര്‍നടപടിക്കായുള്ള കൂടിയാലോചനകള്‍ സിബിസിഐ തുടരുകയാണ്.