തട്ടുകട നടത്തുന്ന യുവതിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ച് യുവാക്കൾ. ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലെ മുഫാസിൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ക്രൂരമായി അതിക്രമം ഉണ്ടായത്. സംഭവത്തിന് പിന്നാലെ പ്രതികൾ ഓടി രക്ഷപ്പെട്ടു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.  

ഞായറാഴ്ച വൈകുന്നേരമാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ശാരീരിക വൈകല്യമുള്ള ഭർത്താവിനൊപ്പം കുടുംബം പുലർത്താനായി ഒരു ചെറിയ തട്ടുകട നടത്തുകയായിരുന്നു യുവതി. വൈകുന്നേരം കടയിലെത്തിയ ഒരു സംഘം യുവാക്കൾ യുവതിയെ അധിക്ഷേപിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. ഇത് യുവതി ചോദ്യം ചെയ്തതോടെ തർക്കം രൂക്ഷമായി.

പ്രകോപിതരായ പ്രതികൾ, കടയിൽ സമൂസ ഉണ്ടാക്കാന്‍ വെച്ചിരുന്ന തിളച്ച എണ്ണ യുവതിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഉടൻ തന്നെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ കൈകൾക്കും കാലുകൾക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. നിലവിൽ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.

പ്രതികളിൽ ഒരാളായ ഉദയ് ചൗധരിയെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ള രണ്ടാമത്തെ പ്രതി മനീഷ് ചൗധരിക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി. പ്രതികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം, കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ഗ്രാമവാസികൾ പ്രതിഷേധം തുടരുകയാണ്.

ENGLISH SUMMARY:

Kerala News is about a woman in Jharkhand who was attacked with hot oil. The police have arrested one suspect and are searching for the other.