മുംബൈയില്‍ ലേഡീസ് കോച്ചില്‍ കയറിയ 50 കാരന്‍ 18 കാരിയെ ഓടുന്ന ട്രെയിനില്‍ നിന്നും തള്ളിയിട്ടു. പൻവേൽ-സിഎസ്എംടി ട്രെയിനില്‍ നിന്നാണ് സ്ത്രീ യാത്രക്കാര്‍ ഇറങ്ങാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ 50 കാരന്‍റെ ആക്രമണമുണ്ടായത്. സംഭവത്തില്‍ പൻവേൽ ഗവൺമെന്റ് റെയിൽവേ പൊലീസ് (ജിആർപി) പ്രതി ഷെയ്ഖ് അക്തർ നവാസിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ന്യൂ പൻവേലിലെ ഉസർലി ഗ്രാമത്തിൽ നിന്നുള്ള ശ്വേത മഹാദിക് ആണ് ആക്രമണത്തിനിരയായ വിദ്യാര്‍ഥിനി.

വ്യാഴാഴ്ച കോളജിലേക്കുള്ള യാത്രയിലായിരുന്നു ശ്വേതയും സുഹൃത്തും. രാവിലെ 7:59 ന് പൻവേൽ-സിഎസ്എംടി ട്രെയിനിന്റെ ലേഡിസ് കംപാര്‍ട്മെന്‍റില്‍ കയറി. ഇതേ സ്റ്റേഷനില്‍ നിന്നാണ് പ്രതി നവാസും ലേഡിസ് കംപാര്‍ട്മെന്‍റില്‍ കയറിയത്. പിന്നാലെ സ്ത്രീ യാത്രക്കാർ എതിര്‍ക്കുകയും ട്രെയിന്‍ എടുക്കുന്നതിന് മുന്‍പു തന്നെ ഇറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ നവാസ് ഇറങ്ങാന്‍ വിസമ്മതിച്ചു. പിന്നാലെ ട്രെയിന്‍ സ്റ്റേഷനില്‍ നിന്നും പുറപ്പെടുകയും ചെയ്തു. പിന്നാലെ വാക്കുതര്‍ക്കമായി. ഇതിനിടയിലാണ് കോച്ചിന്റെ ഫുട്ബോർഡിന് സമീപം നിൽക്കുകയായിരുന്ന ശ്വേതയെ നവാസ് പുറത്തേക്കുതള്ളിയിട്ടത്.

പൻവേൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ അകലെവച്ചായിരുന്നു സംഭവം. വനിതാ യാത്രക്കാരാണ് ഉടന്‍ റെയിൽവേ ഹെൽപ്പ്‌ലൈൻ നമ്പറിൽ വിവരം അറിയിക്കുന്നത്. പൊലീസ് ട്രാക്കിലൂടെ നടന്ന് സ്ഥലത്തെത്തിയെങ്കിലും അതിനകം ശ്വേതയെ പ്രദേശവാസികള്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ശ്വേതയ്ക്ക് സാരമായി പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. നവാസിനെ പിന്നാലെ ഖണ്ഡേശ്വർ സ്റ്റേഷനിൽ വെച്ച് ജിആർപി പൊലീസ് നവാസിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സംഭവത്തില്‍ നവാസിനെതിരെ ബിഎൻഎസ് പ്രകാരം കൊലപാതകശ്രമത്തിനും ഇന്ത്യൻ റെയിൽവേ ആക്ട് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. തനിക്ക് വീടില്ലെന്നും ഖാർ-ബാന്ദ്ര റോഡ് പ്രദേശത്താണ് താമസിക്കുന്നതെന്നുമാണ് നവാസ് പൊലീസിനോട് പറഞ്ഞത്. വെള്ളിയാഴ്ച രാവിലെ പൻവേൽ സിറ്റി കോടതിയിൽ ഹാജരാക്കിയ പ്രതിയെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാളുടെ ബന്ധുക്കളെ കണ്ടെത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്. 

ENGLISH SUMMARY:

A 50-year-old man, Sheikh Akhtar Nawaz, was arrested for attempting to murder an 18-year-old college student by pushing her out of a moving Panvel-CSMT local train. The incident occurred after female passengers objected to his presence in the ladies' compartment. The victim, Shweta Mahadik, sustained injuries and is receiving treatment. Panvel GRP has registered a case under BNS and the Railway Act. The accused is suspected of having mental health issues.