വി.ബി ജി റാം ജി നിയമത്തില്‍ രാജ്യവ്യാപക പ്രചാരണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍. പ്രത്യേക ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്ത് നിയമത്തിന്‍റെ ഗുണങ്ങള്‍ വിശദീകരിക്കാന്‍ സംസ്ഥാനങ്ങള്‍ നിര്‍ദേശം നല്‍കി. കോണ്‍ഗ്രസ് പ്രതിഷേധം കടുപ്പിക്കുന്നതിനിടെയാണ് നീക്കം. ഭരണഘടനാപരമായ അവകാശങ്ങൾക്കെതിരാണ് പുതിയ തൊഴിലുറപ്പ് നിയമമെന്ന് സോണിയാ ഗാന്ധി പ്രതികരിച്ചു.
ഈ മാസം 26 നകം എല്ലാ പഞ്ചായത്തുകളിലും പ്രത്യേക ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്ത് പുതിയ തൊഴിലുറപ്പ് നിയമത്തിന്‍റെ സവിശേഷതകള്‍ വിശദീകരിക്കാനാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ നിര്‍ദേശം. തൊഴിലാളികള്‍, സ്ത്രീകള്‍, ദളിത്-പിന്നാക്ക വിഭാഗങ്ങള്‍ എന്നിവരുടെ പ്രാതിനിധ്യം ഉറപ്പാക്കണം. ഗ്രാമസഭകളുടെ റിയല്‍ ൈടം വീഡിയോകളും ഫോട്ടോകളും അടക്കം വിശദാംശങ്ങള്‍ പഞ്ചായത്ത് നിര്‍ണയ ആപ്പില്‍ അപ്‌ലോഡ് ചെയ്യണം. ഗ്രാമവികസന മന്ത്രാലയവും പഞ്ചായത്തി രാജ് മന്ത്രാലയവും നടപടിക്രമങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ഗ്രാമവികസ സെക്രട്ടറി അയച്ച കത്തില്‍ പറയുന്നു. വി.ബി. ജി റാം ജി നിയമത്തിനെതിരെ ഈ മാസം 28 ന് കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു. തുടര്‍ സമരപരിപാടികളും ആലോചിക്കുന്നുണ്ട്. പ്രതിഷേധങ്ങളെ അവഗണിച്ച് മുന്നോട്ടുപോകാനുള്ള കേന്ദ്രനീക്കത്തിന്‍റെ ഭാഗമാണ് പ്രത്യേക ഗ്രാമസഭകള്‍ സംഘടിപ്പിക്കാനുള്ള നിര്‍ദേശം.