കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ ബലാത്സംഗത്തിനിരയായ നടിക്ക് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ചു ബെംഗളുരുവില്‍ കൂട്ടായ്മ. വിചാരണക്കോടതി വിധിക്കുശേഷം ക്രൂരമായ സൈബര്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണു അഭിഭാഷകരുടെ നേതൃത്വത്തില്‍ കൂട്ടായ്മ സംഘടിപ്പിച്ചത്. സ്ത്രീകള്‍ ഇരകളായ കേസുകളില്‍ അനുവര്‍ത്തിക്കേണ്ട സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ കൊച്ചിയിലെ വിചാരണക്കോടതി കാറ്റില്‍പറത്തിയെന്ന് വിരമിച്ച ജഡ്ജിമാരടക്കം ആരോപിച്ചു.
രാജ്യത്തെ നിയമസംവിധാന രംഗത്തെ കീഴ് വഴക്കങ്ങള്‍ അട്ടിമറിക്കപ്പെട്ടുവെന്നാണു ജസ്റ്റിസ് നോട്ട് ക്ലോഷര്‍ എന്ന പേരിട്ട ഐക്യദാര്‍ഡ്യ കൂട്ടായ്മ ആരോപിക്കുന്നത്. അതിജീവിത 15 ദിവസം ക്രോസ് വിസ്താരത്തിന് കോടിതിയിലെത്തേണ്ടി വന്നതു സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശത്തിന് വിരുദ്ധമാണ്. ഇതടക്കമുള്ള കേസില്‍ നടന്ന പാളിച്ചകള്‍ ചര്‍ച്ചയാക്കുകയാണ് ലക്ഷ്യം.
നാഷണല്‍ ലോ സ്കൂള്‍ എയ്ഡ് സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്നു കൂട്ടായ്മ. ഇത്തരം കേസുകളില്‍ വിചാരണ ഏതുരീതിയിലാവരുതെന്ന് ഓര്‍മപ്പെടുത്തുന്ന തെരുവ് നാടകവും ഒപ്പുശേഖരണവും നടന്നു. സംവിധാകയന്‍ പ്രകാശ് ബാരെ,മുന്‍ ജില്ലാ ജഡ്ജി കെ. രാമചന്ദ്രന്‍, ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി,ഡോക്ടര്‍ കെ.പി.മാതുല,അഡ്വക്കേറ്റ് റൂഹ മാതുല തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു