suicide-attempt

മൈക്രോഫിനാൻസ് കമ്പനികളുടെ പീഡനത്തെത്തുടർന്ന് കീടനാശിനി കഴിച്ച് യുവതി ആത്മഹത്യ ചെയ്തു. ബിഹാറിലെ മുസാഫർപുര്‍ സ്വദേശിയായ ഗുഡിയാ ദേവിയാണ് ജീവനൊടുക്കിയത്. പിന്നില്‍ 'ഗുണ്ടാ ബാങ്കുകളുടെ' ഭീഷണിയാണെന്ന് ആരോപിച്ച് ഭർത്താവ് പിന്റു ഗോസ്വാമി രംഗത്തെത്തി.

നാല് വ്യത്യസ്ത മൈക്രോഫിനാൻസ് കമ്പനികളിൽ നിന്നായി ഗുഡിയ വായ്പ എടുത്തിരുന്നു. ഓരോ മാസവും ഏകദേശം 12,500 രൂപ വീതം തിരിച്ചടവായി നൽകണമായിരുന്നു. നിർമ്മാണ തൊഴിലാളിയായ പിന്റു ഷെയ്ഖ്പുരയിലായിരുന്നു ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ബുധനാഴ്ച ഗുഡിയ ഭർത്താവിനെ വിളിച്ച് 2,500 രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആ തുക അയച്ചുനൽകാൻ പിന്റുവിന് സാധിച്ചില്ല. മണിക്കൂറുകൾക്ക് ശേഷം ഗുഡിയ മരണത്തിന് കീഴടങ്ങിയ വാര്‍ത്തയാണ് പുറത്ത് വന്നത്.

‘എന്റെ ഭാര്യ വായ്പ എടുത്തിരുന്നു, ഞങ്ങൾ അത് സാവധാനം തിരിച്ചടച്ചു വരികയായിരുന്നു. എന്നാൽ വായ്പാ ഏജന്റുമാർ നിരന്തരം വന്ന് അവളെ ശല്യം ചെയ്യുമായിരുന്നു. ഈ കമ്പനികൾ സ്ത്രീകൾക്ക് മാത്രമാണ് വായ്പ നൽകുന്നത്. വീട് പണിയാനും മക്കളെ പഠിപ്പിക്കാനുമാണ് പലരും വായ്പ എടുക്കുന്നത്,‘ പിന്റു പറഞ്ഞു.

ഏകദേശം 1.5 ലക്ഷം രൂപയാണ് കുടുംബം വായ്പ എടുത്തിരുന്നത്. ഭൂരിഭാഗവും തിരിച്ചടച്ചു കഴിഞ്ഞിരുന്നു. കുറച്ച് ഗഡുക്കൾ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. വായ്പാ ഏജന്റ് വീട്ടിൽ വന്നതിന് ശേഷമാണ് ഭാര്യ മരിച്ചതെന്ന് പിന്റു ഉറച്ചു വിശ്വസിക്കുന്നു. കുടുംബത്തിൽ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

Microfinance suicide: A woman in Bihar died by suicide due to harassment from microfinance companies. Her husband alleges that loan agents were constantly harassing her for repayments, leading to her tragic death.