engineering-student

ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിലുള്ള സ്വകാര്യ സർവ്വകലാശാലയിലെ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡിലെ ജംഷഡ്‌പൂർ സ്വദേശിനിയായ പ്രിൻസി കുമാരി ആണ് മരിച്ചത്. ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്. കമ്പ്യൂട്ടർ സയൻസ് ബിടെക് വിദ്യാർഥിനിയായിരുന്നു പ്രിൻസി.

ശനിയാഴ്ച രാത്രിയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയില്‍ പ്രിൻസിയെ കണ്ടെത്തിയത്. ഹോസ്റ്റൽ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

പരീക്ഷാ സമ്മർദ്ദം മൂലമാണ് വിദ്യാർഥിനി ജീവനൊടുക്കിയതെന്നാണ് സൂചന. ആദ്യ വർഷത്തെ അഞ്ച് വിഷയങ്ങളിലെ ബാക്ക്‌ലോഗ് പരീക്ഷകളും രണ്ടാം വർഷ പരീക്ഷകളും ഒരുമിച്ച് എഴുതേണ്ടി വന്നതിന്റെ സമ്മർദ്ദത്തിലായിരുന്നു പെൺകുട്ടിയെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. മുറിയിൽ നിന്നും കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ അക്കാദമിക് സമ്മർദ്ദത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.

ശനിയാഴ്ച രാത്രി 8:30ഓടെ പ്രിൻസിയെ വീട്ടുകാർ ഫോണിൽ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടർന്ന് വീട്ടുകാർ ഹോസ്റ്റൽ വാർഡനെ വിവരം അറിയിച്ചു. വാർഡൻ മുറിയിലെത്തിയപ്പോൾ വാതിൽ ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. ജനലിലൂടെ നോക്കിയപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

‘സോറി മമ്മി, പപ്പാ, നിങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ എനിക്ക് സാധിച്ചില്ല’ എന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു. തന്റെ പഠനത്തിനായി കുടുംബം സമ്പാദ്യം ചിലവഴിക്കുന്നതിലെ കുറ്റബോധവും പെൺകുട്ടി കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്. തന്റെ പഠനച്ചെലവ് കുടുംബത്തിന് ബാധ്യതയാകുന്നു എന്ന ചിന്തയും വിദ്യാർഥിനിയെ അലട്ടിയിരുന്നതായി പൊലീസ് പറഞ്ഞു. സെമസ്റ്റർ ഫീസിനായി ഒരു ലക്ഷം രൂപ അടുത്തിടെ പെൺകുട്ടി വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

ENGLISH SUMMARY:

Student suicide is a serious issue. A B.Tech student was found dead in her hostel room in Raigarh, Chhattisgarh, and the cause is suspected to be academic pressure.