നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 35കാരിയെ കാമുകന്‍ തലങ്ങും വിലങ്ങും കുത്തിപ്പരുക്കേല്‍പ്പിച്ചു. ഡല്‍ഹിയിലാണ് സംഭവം. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഡൽഹിയിലെ ഉത്തം നഗർ ഏരിയയിലെ ഓം വിഹാർ പ്രദേശത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന നേഹയും സെക്യൂരിറ്റി ഗാര്‍ഡ് 43കാരനായ യശ്പാലും തമ്മില്‍ ഒന്‍പത് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. വിവാഹിതനാണ് യശ്പാല്‍. ഇക്കഴിഞ്ഞ നവംബറിലാണ് നേഹ ഗര്‍ഭിണിയായത്. എന്നാല്‍ ഇതറിഞ്ഞ യശ്പാല്‍ നേഹയറിയാതെ ഒരു പാനീയത്തില്‍ ഗർഭച്ഛിദ്രത്തിനുള്ള ഗുളികകൾ കലർത്തി നൽകി. ഇതോടെ നേഹയുടെ ഗര്‍ഭം അലസി. ഈ സംഭവം ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനു കാരണമായി.
ഡിസംബർ 16-ന് ഇവർക്കിടയിൽ വീണ്ടും വഴക്കുണ്ടായി. പിടിവലിക്കിടെ യശ്പാൽ നേഹയെ കട്ടിലിലേക്ക് തള്ളിയിട്ട് കത്തി ഉപയോഗിച്ച് കഴുത്തിൽ പലതവണ കുത്തിപ്പരിക്കേൽപ്പിച്ചു. പിന്നാലെ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. ഓടുന്നതിനിടെ യുവതിയുടെ ഫോണ്‍ കൈക്കലാക്കിയ യശ്പാല്‍ വീട് പുറത്തുനിന്നും പൂട്ടുകയും ചെയ്തു. നേഹ കരഞ്ഞുവിളിച്ചെങ്കിലും അമിതമായി രക്തം വാര്‍ന്നതോടെ ബോധരഹിതയായി.
ബഹളം കേട്ട അയൽക്കാര്‍ പോലീസിനെ വിവരമറിയിച്ചു. ഇതിനിടെ യുവതിയെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിക്കുമ്പോള്‍ മൂക്കില്‍ നിന്നും രക്തമൊഴുകുകയായിരുന്നു. കഴുത്തില്‍ ആഴത്തിലുളള മുറിവും കൈകളിലും നെഞ്ചിലും പോറലുകളും ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 109 പ്രകാരം വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്.കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.