ഗുരുവായൂർ ക്ഷേത്രനടയിൽ വഴിയോരക്കച്ചവടക്കാരന് ക്രൂരമർദനം. ചാവക്കാട് സ്വദേശി രാജേന്ദ്രനാണ് മർദനമേറ്റത്. പരാതി കൊടുത്തിട്ടും നടപടിയെടുക്കാൻ വൈകി പൊലീസ് അനാസ്ഥ.
ഡിസംബർ 12ന് പുലർച്ചെ മൂന്നുമണിയോടെയാണ് ഇരുമ്പ് പൈപ്പുമായി എത്തിയ അക്രമി വഴിയോര കച്ചവടക്കാരനെ മർദിക്കുന്നത്. അടിയേറ്റ് ചാവക്കാട് സ്വദേശി രാജേന്ദ്രന്റെ ഇടതു കൈയുടെ എല്ല് പൊട്ടി. ഗുരുവായൂർ ക്ഷേത്രത്തിൻറെ വടക്കേ നടയിൽ വർഷങ്ങളായി മുല്ലപ്പൂവും പൂജാ സാധനങ്ങളും വില്പന നടത്തുന്ന കച്ചവടക്കാരൻ ആണ് രാജേന്ദ്രൻ. ക്ഷേത്ര നടപ്പാതകളിൽ കഴിയുന്നവർ അവിടെ തന്നെ മലമൂത്ര വിസർജനം നടത്തുന്നത് രാജേന്ദ്രൻ ചോദ്യം ചെയ്തിരുന്നു. പിറ്റേന്ന് അക്രമി വിസർജ്യ വസ്തുക്കളാൽ കട മലിനമാക്കി.
സഹികെട്ട രാജേന്ദ്രൻ പൊലീസിൽ പരാതി നൽകി. ഇതേത്തുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് രാജേന്ദ്രൻ പറയുന്നു. അക്രമി മർദിക്കുന്നതിന്റെയും കടതല്ലി തകർക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ സഹിതം പൊലീസിൽ പരാതി നൽകിയെങ്കിലും യാതൊരുവിധ അന്വേഷണവും ഉണ്ടായില്ല. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയാണ് കാരണമായി പൊലീസ് പറയുന്നത്. എന്നാൽ, മർദനദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് രാജേന്ദ്രനെ വിളിച്ചുവരുത്തി മൊഴിയെടുത്തു. ക്ഷേത്ര നടയിലെ തെരുവോരങ്ങളിൽ കഴിയുന്നവർ മാരകായുധങ്ങളുമായി ആക്രമണത്തിന് മുതിരുന്നതായി വ്യാപക പരാതിയുണ്ട്.