Image: X, @ankitdewan
ബോര്‍ഡിങ്‌ക്യൂ തെറ്റിച്ച് മുന്നോട്ടുപോയത് ചോദ്യം ചെയ്തതിന്റെ പേരില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് മര്‍ദിച്ചെന്ന് സ്പൈസ്ജെറ്റ് യാത്രക്കാരന്റെ പരാതി. ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ 1-ലാണ് സംഭവം നടന്നത്. അങ്കിത് ദേവാൻ എന്ന യാത്രക്കാരനു നേരെയാണ് ആക്രമണമുണ്ടായത്. മുഖത്തും ദേഹത്തും മര്‍ദനത്തില്‍ പരുക്കേറ്റ് രക്തം പുരണ്ടിരുന്നു. മര്‍ദിച്ച പൈലറ്റിന്റെ ചിത്രങ്ങളും ദേവാന്‍ എക്സില്‍ പങ്കുവച്ചു.
നാലുമാസം പ്രായമുള്ള കുഞ്ഞിനെ സ്ട്രോളറില്‍ ഇരുത്തിയാണ് യാത്ര ചെയ്തത്. അതിനാല്‍ ജീവനക്കാർ ഉപയോഗിക്കുന്ന സുരക്ഷാ പരിശോധനയ്ക്കുള്ള വരി ഉപയോഗിക്കാൻ തനിക്കും കുടുംബത്തിനും നിര്‍ദേശം ലഭിച്ചിരുന്നതായി ദേവാന്‍ പറയുന്നു. തന്റെ മുന്നിലൂടെ ജീവനക്കാർ ക്യൂ തെറ്റിച്ച് കയറുകയായിരുന്നുവെന്നും ഇത് ചോദ്യം ചെയ്തപ്പോൾ, ക്യൂ തെറ്റിച്ച് കയറിവന്ന ക്യാപ്റ്റൻ വീജേന്ദര്‍ സെജ്‌വാള്‍ തന്നോട് മോശമായി പെരുമാറിയെന്നും ദേവാന്‍ പറയുന്നു.
വിദ്യാഭ്യാസമില്ലേയെന്നും ഇത് ജീവനക്കാർക്കുള്ള വഴിയാണെന്ന ബോർഡ് വായിക്കാൻ അറിയില്ലേയെന്നും ചോദിച്ച് പൈലറ്റ് ക്ഷുഭിതനായി, പിന്നാലെ തന്നെ ക്രൂരമായി മര്‍ദിച്ചു, അദ്ദേഹത്തിന്റെ ഷര്‍ട്ടില്‍പറ്റിയ രക്തവും തന്റേതാണെന്ന് ദേവാന്‍ പറയുന്നു. ഈ ചിത്രങ്ങള്‍ ദേവാന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു.
ഇത്തരം പെരുമാറ്റത്തെ നിരുപാധികം അപലപിക്കുന്നുവെന്ന് എയർ ഇന്ത്യ എക്സ്പ്രസ് പ്രസ്താവനയിലൂടെ പ്രതികരിച്ചു. പൈലറ്റിനെ അന്വേഷണം അവസാനിക്കുംവരെ ഔദ്യോഗിക ചുമതലകളിൽ നിന്ന് നീക്കി. അന്വേഷണ റിപ്പോര്‍ട്ട് വന്നാലുടന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.