നിയമന സര്‍ട്ടിഫിക്കറ്റ് കൈമാറുന്ന സര്‍ക്കാര്‍ പരിപാടിക്കിടെ വനിതാ ഡോക്ടറുടെ ഹിജാബ് വലിച്ചൂരി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതിപക്ഷ നേതാക്കള്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. ഒരു യുവതിയെ പൊതുമധ്യത്തില്‍ അപമാനിച്ച മുഖ്യമന്ത്രി രാജിവക്കണമെന്ന് കോണ്‍ഗ്രസും ആര്‍ജെഡിയും ആവശ്യപ്പെട്ടു.
വനിതാ ഡോക്ടര്‍ നുസ്രത്ത് പര്‍വീണിന് നിയമന കത്ത് കൈമാറിയതിനു പിന്നാലെ ചിരിച്ചുകൊണ്ട് ഇതെന്താണെന്ന് ചോദിച്ച നിതീഷ് കുമാര്‍ യുവതിയോട് ഹിജാബ് മാറ്റാന്‍ ആവശ്യപ്പെടുന്നതും പിന്നാലെ സ്വയം വലിച്ചൂരുന്നതുമാണ് വിഡിയോയില്‍. സെക്രട്ടേറിയറ്റിലെ സംവദില്‍ വച്ച് ഏകദേശം ആയിരത്തോളം ആയുഷ് ഡോക്ടര്‍മാര്‍ക്കാണ് നിയമനകത്ത് കൈമാറിയത്. ഹിജാബ് വലിച്ചൂരുന്നതുകണ്ട് ചുറ്റുമുള്ളവര്‍ ചിരിച്ചെങ്കിലും നിതീഷിനു പിന്നില്‍ നിന്ന ഉപമുഖ്യമന്ത്രി സംരത് ചൗധരി അദ്ദേഹത്തെ തടയാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വിഡിയോ കോണ്‍ഗ്രസും ആര്‍ജെഡിയും തങ്ങളുടെ എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ചു.
‘നിതീഷ് ജിക്ക് എന്തുസംഭവിച്ചു? ഇത്രയും അധപതിച്ച അവസ്ഥയിലേക്ക് അദ്ദേഹത്തിന്റെ മാനസികനില താഴ്ന്നോ അതോ അദ്ദേഹം 100ശതമാനം സംഘിയായി മാറിയോ? എന്നു ചോദിച്ചാണ് ആര്‍ജെഡി വിഡിയോ എക്സില്‍ പങ്കുവച്ചത്. മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിവിട്ട കോണ്‍ഗ്രസ് നിതീഷ് രാജിവക്കണമെന്നും ആവശ്യപ്പെട്ടു.
ഇത്രയും ഉന്നത സ്ഥാനത്തിരിക്കുന്ന മുഖ്യമന്ത്രി തന്നെ ഒരു യുവതിക്കു നേരെ ലജ്ജാകരമായ രീതിയില്‍ പെരുമാറുന്നുവെങ്കില്‍ ഈ നാട്ടിലെ സ്ത്രീകളെങ്ങനെ സുരക്ഷിതരായിരിക്കുമെന്ന ചോദ്യവും ഉന്നയിക്കുന്നു കോണ്‍ഗ്രസ്. മാപ്പര്‍ഹിക്കാത്ത തെറ്റാണിതെന്നും കോണ്‍ഗ്രസ് പറയുന്നു.
പൊതുമധ്യത്തില്‍ സ്ത്രീയെ അപമാനിക്കുന്നതിനു തുല്യമാണിതെന്നായിരുന്നു ശിവസേന യുബിടി നേതാവ് പ്രിയങ്ക ചതുര്‍വേദിയുടെ പ്രതികരണം. 685ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും 393 ഹോമിയോപ്പതി ഡോക്ടര്‍മാര്‍ക്കും 205 യുനാനി വിദ്യാര്‍ഥികള്‍ക്കുമാണ് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്.