indigo-reaction

TOPICS COVERED

കേന്ദ്രസർക്കാർ നയങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന്  ഇൻഡിഗോ ചെയർമാൻ. പൈലറ്റുമാരുടെ ഡ്യൂട്ടി ചട്ടവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ മറികടക്കാൻ ഇൻഡിഗോ ശ്രമിച്ചുവെന്ന ആരോപണങ്ങൾക്കിടയാണ് ഇൻഡിഗോ ചെയർമാൻ വിക്രം സിങ് മേത്തയുടെ പ്രതികരണം വരുന്നത്. അതിനിടെ, ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് ഇന്ന് വ്യോമയാനമന്ത്രാലയത്തിൽ ഹാജരാകും. പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങൾ അറിയിക്കണമെന്നാണ് നിര്‍ദേശം. 

വ്യോമയാന മന്ത്രാലയം എട്ടംഗ മേൽനോട്ട സമിതി രൂപീകരിച്ചു. സംഘത്തിലെ രണ്ടുപേർ സ്ഥിരമായി ഇൻഡിഗോയുടെ കോർപ്പറേറ്റ് ഓഫിസിലുണ്ടാകും. വിമാന കമ്പനികളുടെ പ്രവർത്തനം വിലയിരുത്താൻ പ്രധാനപ്പെട്ട 11 വിമാന താവളങ്ങളിൽ വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ നിയോഗിച്ചു. അതിനിടെ, കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു. പ്രതിദിനം 100 ആഭ്യന്തര സർവീസുകൾക്കൂടെ ഉൾപ്പെടുത്താനാണ് നീക്കം. ഇൻഡിഗോ വിമാന സർവീസുകൾ കൂട്ടമായി റദ്ദാക്കപ്പെട്ടതോടെ ഡൽഹിയുടെ വ്യാപാര മേഖലയിൽ ആയിരം കോടി രൂപയുടെ നഷ്ടമുണ്ടായതായി ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി അറിയിച്ചു.

അതേസമയം ഇൻഡിഗോ എയർലൈൻസിലെ  പ്രതിസന്ധിക്കു സമാനമായ രീതിയിൽ എയർ ഇന്ത്യ എക്സ്പ്രസിലും പ്രശ്നങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഭാരതീയ മസ്ദൂർ സംഘ്. ഇക്കാര്യം വ്യോമയാന മന്ത്രാലയം ഉടൻ പരിശോധിക്കണം. 2024 മേയ് 7,8,9 തീയതികളിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പ്രതിസന്ധി നേരിട്ടിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പ് സമയമായതിനാൽ ശ്രദ്ധിക്കപ്പെട്ടില്ല. മാനസിക പീഡനം, വിവേചനം, വിശ്രമമില്ലായ്മ തുടങ്ങി വിവിധ പ്രശ്നങ്ങൾ ജീവനക്കാർ നേരിടുന്നു. 

എച്ച്ആർ വിഭാഗം സ്വേച്ഛാധിപത്യ സമീപനമാണ് സ്വീകരിക്കുന്നതെന്നും കാബിൻ ക്രൂവിനെ ബോണ്ടഡ് തൊഴിലാളികളായാണ് കാണുന്നതെന്നും ബിഎംഎസ് കുറ്റപ്പെടുത്തി.  എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ യൂണിയനുമായി വ്യോമയാന മന്ത്രാലയം ചർച്ച നടത്തണമെന്ന് ബിഎംഎസ് അഭ്യർഥിച്ചു.‌

ENGLISH SUMMARY:

Indigo Airlines crisis leads to government intervention. The aviation ministry is investigating Indigo and Air India Express due to flight cancellations and employee issues.