TOPICS COVERED

തീവ്ര ന്യൂനമര്‍ദമായി മാറിയ ഡിറ്റ് വാ ചുഴിക്കാറ്റിന്‍റെ പ്രഭാവത്തില്‍ തമിഴ്നാട്ടിലെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ.  ചെന്നൈ ഉള്‍പ്പെടെ രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്. നാളെ ചെന്നൈ ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഏഴ് മണിക്കൂറോളം ചെന്നൈയില്‍ തുടര്‍ച്ചയായി മഴ പെയ്തതോടെ വിവിധ ഇടങ്ങളില്‍ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. മൈലാപൂര്‍, പൂനമല്ലി, ആവഡി തുടങ്ങിയ ഇടങ്ങളിലെല്ലാം റോഡില്‍ വെള്ളം കയറി. അതിനിടെ തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും കേന്ദ്ര ജല കമ്മീഷന്‍ പ്രളയ മുന്നറിയിപ്പ് നല്‍കി. തമിഴ്നാട്ടിലെ  ചെന്നൈ, തിരുവള്ളൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. ആന്ധ്രയില്‍ തിരുപ്പതി, നെല്ലൂര്‍ ജില്ലകളിലും മുന്നറിയിപ്പുണ്ട്. 

വെള്ളം പമ്പ് ചെയ്ത് നീക്കാനുള്ള ജോലികള്‍ പുരോഗമിക്കുകയാണ്. ചെന്നൈയും തിരുവള്ളൂരും റെഡ് അലര്‍ട്ടും ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. നാളെ രാവിലെ എട്ടുമണിവരെ ചെന്നൈയില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.  തീവ്ര ന്യൂനമര്‍ദമായി മാറിയ ഡിറ്റ് വാ ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറില്‍  ന്യൂനമര്‍ദമായി മാറുമെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിച്ചിരിക്കുന്നത്.  65 കി.ലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. 

തമിഴ്നാട്ടില്‍ നാല് മരണം റിപ്പോര്‍ട്ട് ചെയ്തു.  മയിലാട്തുറെ, തിരുവാരൂര്‍, നാഗപട്ടണം തുടങ്ങി ഡെല്‍റ്റ ജില്ലകളില്‍ കനത്ത കൃഷിനാശം ഉണ്ടായി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. ഡിറ്റ് വാ നാശം വിതച്ച ശ്രീലങ്കയില്‍ മരണം 334 ആയി. 370 പേരെ കാണാനില്ല. രാജ്യത്തെ 25 ജില്ലകളിലായുള്ള 11 ലക്ഷം പേരെയാണ് ഡിറ്റ് വാ ചുഴലിക്കാറ്റ് ബാധിച്ചത്.

ENGLISH SUMMARY:

Chennai floods are impacting Tamil Nadu due to Cyclone Dit Wa. Red alerts are in place, and schools are closed in affected districts.