നാഷനല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരെ ഗൂഢാലോചന കുറ്റമാരോപിച്ച് പുതിയ കേസ്. ഇ.ഡി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസാണ് കെസെടുത്തത്. പ്രതികാര രാഷ്ട്രീയത്തിന്‍റെ ഭാഗമായുള്ള വ്യാജകേസെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതികരണം.
സോണിയാ ഗാന്ധിയെ ഒന്നാം പ്രതിയും രാഹുല്‍ ഗാന്ധിയെ രണ്ടാം പ്രതിയുമാക്കിയാണ് ഡല്‍ഹി പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്‍റെ കേസ്. നാഷനല്‍ ഹെറാള്‍ഡ് ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ പരാതില്‍ ഒക്ടോബര്‍ മൂന്നിനാണ് എഫ്.ഐ.ആര്‍ റജിസ്ര്ടര്‍ ചെയ്തത്. സാം പിട്രോഡ, സുമന്‍ ദുബേ എന്നിവരും പ്രതികളാണ്. യങ് ഇന്ത്യൻ കമ്പനി വഴി 50 ലക്ഷം രൂപയ്ക്ക് അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കൾ വഞ്ചനാപരമായി ഏറ്റെടുക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വ്യാജ കേസെന്ന് കോണ്‍ഗ്രസ്.
കോൺഗ്രസ്സിന്റെ ഉന്നത നേതൃത്വത്തിനെതിരെ മോദി-ഷാ ദ്വയത്തിന്‍റെ പ്രതികാര രാഷ്ട്രീയമാണ് തുടരുന്നതെന്നും സത്യം ജയിക്കുമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. ബിജെപി നേതാവ് സുബ്രമണ്യം സ്വാമിയുടെ പരാതിയിലാണ് ഇഡി നേരത്തെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് റജിസ്ടര്‍ ചെയ്തത്.