ഡിറ്റ് വാ ചുഴലിക്കാറ്റ് ഭീതിയില്‍ തമിഴ്നാട്. ചുഴലിക്കാറ്റ് തീരത്തോട് അടുത്തതോടെ വടക്കന്‍ തമിഴ്നാട്ടില്‍ കനത്ത മഴ തുടരുകയാണ്. തഞ്ചാവൂരില്‍ വീട് ഇടിഞ്ഞു വീണ് 20കാരി മരിച്ചു. ചുഴലിക്കാറ്റില്‍ 153 പേര്‍ മരിച്ച ശ്രീലങ്കയ്ക്ക് ഓപ്പറേഷന്‍ സാഗര്‍ബന്ധു വഴിയുള്ള മാനുഷിക സഹായം നല്‍കുന്നത് ഇന്ത്യ വര്‍ധിപ്പിച്ചു.
ഒരിക്കല്‍ തീരം തൊട്ടാല്‍ പിന്നീട് ശക്തി ക്ഷയിച്ചു ന്യൂനമര്‍ദ്ദമാകുന്ന ബംഗാള്‍ ഉള്‍ക്കടലിലെ ചുഴലിക്കാറ്റുകളുടെ പതിവു സ്വഭാവം ഡിറ്റ് വയുടെ കാര്യത്തിലും സംഭവിച്ചു. ശ്രീലങ്കയില്‍ വന്‍കെടുതികളുണ്ടാക്കിയ ഡിറ്റ് വ ഇന്ത്യന്‍ തീരത്തേക്കെത്തുന്നതിനു മുന്‍പായി അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തി കുറഞ്ഞു. ആന്ധ്രപ്രദേശ് തീരത്തേക്കു നീങ്ങുന്ന ചുഴലിക്കാറ്റ് 12 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി വീണ്ടും ശക്തി കുറയും. അതേസമയം വടക്കന്‍ തമിഴ്നാട്ടില്‍ ഡിറ്റ് വ പേമാരിയുണ്ടാക്കി.
നാഗപട്ടണത്ത് 24മണിക്കൂറിനിടെ 30 സെന്റീമീറ്റര്‍ മഴരേഖപെടുത്തി. തഞ്ചാവൂര്‍ കുംഭകോണത്ത് വീടിന്റെ ചുമരിടിഞ്ഞു വീണ് ഉറങ്ങി കിടക്കുകയായിരുന്ന 20കാരി മരിച്ചു. ചെന്നൈ ഉള്‍പെടുന്ന വടക്കന്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും നാളെ വരെ മഴ തുടരും. എന്നാല്‍, ഉത്തരേന്ത്യയില്‍ നിന്നുള്ള വരണ്ട കാറ്റിന്റെ സാന്നിധ്യമുള്ളതിനാല്‍ ഡിറ്റ് വ പ്രളയമുണ്ടാക്കില്ലെന്നാണ് വിലയിരുത്തല്‍.