എന്ത് നല്ലത് ചെയ്താലും മണ്ടത്തരമായിപ്പോകും എന്ന് പറഞ്ഞപോലെയാണ് പാക്കിസ്ഥാന്‍റെ നിലവിലെ അവസ്ഥ. ഡിറ്റ്–വാ ചുഴലിക്കാറ്റും അതിനോടനുബന്ധിച്ച പ്രളയവുമെല്ലാം കാരണം തകര്‍ന്നിരിക്കുകയാണ് ശ്രീലങ്ക. ലോകരാജ്യങ്ങളെല്ലാം തന്നെ ശ്രീലങ്കയിലേക്ക് സഹായമെത്തിക്കുകയാണ്. ഇതിനിടയിലാണ് പാക്കിസ്ഥാനും ശ്രീലങ്കയ്ക്ക് സഹായമെത്തിക്കാന്‍ തീരുമാനിക്കുന്നത്. ശ്രീലങ്കയിലെ പാക്കിസ്ഥാന്‍ ഹൈ കമ്മിഷന്‍ ആണ് ശ്രീലങ്കയിലേക്ക് ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും എത്തിച്ചത്. ഭക്ഷണപ്പൊതികളുടെ ഫോട്ടോ തങ്ങളുടെ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്യാനും ഹൈ കമ്മിഷന്‍ മറന്നില്ല.
ഫോട്ടോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇന്‍റര്‍നെറ്റ് സഹായത്തിലെ വലിയൊരു അബദ്ധം ചൂണ്ടിക്കാട്ടുന്നത്. പാക്കിസ്ഥാന്‍ അയച്ച വസ്തുക്കളുടെ എക്സ്പയറി ഡേറ്റാണ് വിഷയം. ദിവസങ്ങളല്ല, മാസങ്ങളല്ല... ഒരു വര്‍ഷവും രണ്ട് മാസവുമായി പാക്കിസ്ഥാന്‍ അയച്ച ഭക്ഷണത്തിന്‍റെ ഡേറ്റ് കഴിഞ്ഞിട്ട്.
ദുരന്തത്തില്‍ പെട്ട് ദുരിതമനുഭവിക്കുന്നവരെ അപമാനിക്കുകയാണ് പാക്കിസ്ഥാന്‍ ചെയ്യുന്നതെന്നായിരുന്നു അദ്യ വിമര്‍ശനം. പിന്നാലെ ഇത് നാണക്കേടാണെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ അക്കൗണ്ടുകള്‍ തന്നെ പോസ്റ്റിന് താഴെ രംഗത്തെത്തി. വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ അധികൃതര്‍ രംഗത്തുവന്നിട്ടില്ല.
പാക്കിസ്ഥാന്‍ നാണംകെട്ടുമടങ്ങിയിടത്ത് ഇന്ത്യ ശ്രീലങ്കയില്‍ സഹായമെത്തിച്ചതിന് വന്‍ പ്രശംസയാണ് ഏറ്റുവാങ്ങിക്കൗണ്ടിരിക്കുന്നത്. നവംബര്‍ മാസം മുതല്‍ ഇന്ത്യ ശ്രീലങ്കയിലേക്ക് 57 ടണ്‍ ഭക്ഷ്യവസ്തുക്കളടക്കം സഹായമാണ് എത്തിച്ചിട്ടുള്ളത്. ഐഎന്‍എസ് വിക്രാന്തിലെ ചേതക് ഹെലികോപ്റ്ററുകളും ഇന്ത്യന്‍ വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്ററുകവും ശ്രീലങ്കയില്‍ വന്‍ രക്ഷാപ്രവര്‍ത്തന ദൗത്യമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഓപ്പറേഷന്‍ സാഗര്‍ ബന്ധു എന്ന് പേരിട്ട ദൗത്യം കൂടുതല്‍ സഹായം ശ്രീലങ്കയിലെത്തിക്കുന്നതില്‍ ജാഗരൂഗരാണ്.