ലോകത്തിലെ ഏറ്റവും വലിയ ശ്രീരാമ പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. 77 അടിയോളം ഉയരം വരുന്ന ശ്രീരാമ പ്രതിക വെങ്കലത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. ദക്ഷിണ ഗോവയിലെ ചരിത്രപ്രസിദ്ധമായ ശ്രീ സംസ്ഥാന്‍ ഗോകർൺ ജീവോത്തം മഠത്തിലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ വെങ്കല പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ പിന്നിലെ മുതിർന്ന ശിൽപിയായ രാം സുതറാണ് ശ്രീരാമ പ്രതിമയും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ധ്വജാരോഹണച്ചടങ്ങും പതാകയുയര്‍ത്തലും നടന്ന് ദിവസങ്ങള്‍ക്കുളളില്‍ത്തന്നെ ശ്രീരാമ പ്രതിമ രാജ്യത്തിന് സമര്‍പ്പിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു. ഗോവ ഗവർണർ അശോക് ഗജപതി രാജു, മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്രമന്ത്രി ശ്രീപാദ് നായിക്, മുഴുവൻ സംസ്ഥാന മന്ത്രിസഭാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
550 വർഷത്തെ പാരമ്പര്യമുളള ജീവോത്തം മഠത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി നിരവധി ചുഴലിക്കാറ്റുകളെയും വെല്ലുവിളികളെയും ഈ സ്ഥാപനം അതിജീവിച്ചിട്ടുണ്ടെന്ന് അറിയാന്‍ സാധിച്ചത് അഭിമാനകരമായ കാര്യമാണെന്നും വ്യക്തമാക്കി. ശ്രീരാമ പ്രതിമാ അനാച്ഛാദനത്തിനായി പ്രധാനമന്ത്രിക്ക് വന്നിറങ്ങുന്നതിനായി ഒരു പ്രത്യേക ഹെലിപാഡും മഠത്തിന്‍റെ പരിസരത്ത് നിര്‍മിച്ചിരുന്നു. ശ്രീരാമ പ്രതിമ രാജ്യത്തിന് സമര്‍പ്പിക്കുന്നതോടെ ആഘോഷവേളകളിൽ പ്രതിദിനം 7,000 മുതൽ 10,000 വരെ സന്ദർശകർ എത്തുമെന്ന് പ്രതീക്ഷയെന്നും സംഘാടകരും പറയുന്നു.