People watch ash billow from an eruption of the long-dormant Hayli Gubbi Volcano in Ethiopia's Afar region (Afar Government Communication Bureau via AP)
ഇത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തെ തുടർന്നുള്ള കരിമേഘപടലം ഇന്ത്യന്‍ ആകാശത്തുനിന്ന് പൂർണമായും നീങ്ങി. ചൊവ്വാഴ്ച രാത്രി പത്തരയോടെ ചാര മേഘങ്ങൾ നീങ്ങിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൈനയുടെ ഭാഗത്തേക്കാണ് മേഘപടലം നീങ്ങിയത്. തിങ്കളാഴ്ച രാത്രിയാണ് കരിമേഘപടലം ഇന്ത്യയിലെത്തിയത്. ഉത്തരേന്ത്യന്‍ ആകാശത്ത് വ്യാപിച്ച ചാരമേഘം കാരണം ഇരുപതിലേറെ ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഒട്ടേറെ വിമാനങ്ങൾ വഴിതിരിച്ചുവിടുകയും വൈകുകയും ചെയ്തു. നിലവില്‍ ആശങ്കപ്പെടേണ്ട സ്ഥിയില്ലെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.
അഗ്നിപര്‍വത സ്ഫോടനമുണ്ടാകുമ്പോള്‍ പുറത്തേക്ക് വമിക്കുന്ന കൂറ്റന്‍ പുകമേഘമാണ് കരിമേഘ പടലം. സാധാരണ മേഘങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൂര്‍ത്ത പാറക്കഷണങ്ങള്‍, അഗ്നിപര്‍വതത്തില്‍ നിന്നുള്ള വാതകങ്ങള്‍, സിലിക്ക പോലെയുള്ള ധാതുക്കള്‍, ഘനീഭവിച്ച വാതകങ്ങള്‍ എന്നിവ കരിമേഘപടലങ്ങളില്‍ ഉണ്ട്. അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ നിന്ന് ഉയര്‍ന്ന ചാരം ഉയര്‍ന്നുപൊങ്ങി അന്തരീക്ഷ ഈര്‍പ്പവുമായി കലര്‍ന്ന് ചാരം നിറഞ്ഞ മേഘപാളികളായി മാറുകയാണ് ചെയ്യുന്നത്.
ഇത്തരത്തില്‍ ഇത്യോപ്യയിലെ അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള കരിമേഘപടലം അറബിക്കടലും കടന്ന് അടുത്ത ഭൂഘണ്ഡങ്ങളിലേക്ക് നീങ്ങുകയായിരുന്നു. ഇന്ത്യയില്‍ ഗുജറാത്ത്, രാജസ്ഥാന്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലൂടെയാണ് ഇത് കടന്നുപോയത്. റെഡ് സീകടന്ന് യെമനിലൂടെയും ഒമാനിലൂടെയും നീങ്ങി അറേബ്യന്‍ സമുദ്രത്തിന് മുകളിലൂടെയാണ് ഉത്തരേന്ത്യക്ക് മുകളിലെത്തിയത്. തുടര്‍ന്ന് തുടര്‍ന്ന് ഹിമാലയത്തിന് മുകളിലൂടെ ചൈനയിലേക്കെത്തി. ചൈനയിലേക്ക് കടക്കുന്ന പുകപടലങ്ങള്‍ തുടര്‍ന്ന് അന്തരീക്ഷത്തിന്‍റെ കൂടുതല്‍ ഉയരത്തിലേക്ക് നീങ്ങുകയും പസഫിക്ക് സമുദ്രത്തിന് മുകളിലെത്തുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നത്.
ഇത്യോപ്യയുടെ വടക്കുകിഴക്കന്‍ പ്രവിശ്യയായ അഫാറിലുള്ള ഹായ്ലി ഗുബ്ബി എന്നു വിളിക്കുന്ന അഗ്നിപര്‍വ്വതമാണ് പൊട്ടിത്തെറിച്ചത്. അഗ്നിപര്‍വ്വതത്തിന്‍റെ 12000 വര്‍ഷത്തെ ആദ്യ പൊട്ടിത്തെറിയാണ് ഇപ്പോഴുണ്ടായതെന്നാണ് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നത്. സള്‍ഫര്‍ ഡൈഓക്സൈഡിന്‍റെ സാന്നിധ്യമുള്ള പൊടി പടലങ്ങളാണ് അഗ്നിപര്‍വ്വത സ്ഫോടനങ്ങളെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ പരക്കുന്നത്. ഇത്യോപ്യയില്‍ അഗ്നിപര്‍വ്വതം പൊട്ടി ഉയര്‍ന്ന പുകപടിലങ്ങള്‍ ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് ഒന്‍പത് കിലോമീറ്ററോളം ഉയരത്തിലെത്തിയിരുന്നു.