അമിത വേഗതയിലെത്തിയ കാറിടിച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് പരുക്ക്. ഇടിയുടെ ആഘാതത്തില്‍ റൂഫിലേക്ക് തെറിച്ചുവീണ ഒന്നരവയസുകാരനുമായി കാര്‍ സഞ്ചരിച്ചതാകട്ടെ പത്തുകിലോമീറ്ററോളവും. മധ്യപ്രദേശിലെ രേവ ജില്ലയില്‍ തിങ്കളാഴ്ച വൈകുന്നേരം 7 മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ കാര്‍ നിര്‍ത്തുന്നതിന് പ്രകാരം റൂഫില്‍ കുട്ടിയുമായി ഡ്രൈവര്‍ ഓടിച്ചുപോകുകയായിരുന്നു.
ബഹേര ദബാർ ഗ്രാമത്തില്‍ താമസിക്കുന്ന ഉമേഷും സഹോദരന്‍റെ ഭാര്യ മുന്നി സാകേതും മകന്‍ സൂരജ് സാകേതുമായിരുന്നു ബൈക്കില്‍ സഞ്ചരിച്ചുകൊണ്ടിരുന്നത്. ഈ സമയം അമിതവേഗതയിലെത്തിയ ഒരു കാര്‍ അവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഒന്നരവയസുകാരന്‍ തെറിച്ച് കാറിന്‍റെ റൂഫില്‍ വീണു. എന്നാല്‍ കാര്‍ നിര്‍ത്തുന്നതിന് പ്രകാരം റൂഫില്‍ കുട്ടിയുമായി ഡ്രൈവര്‍ കാര്‍ ഓടിച്ചുപോകുകയായിരുന്നു. കാഴ്ച കണ്ട് പരിഭ്രാന്തരായ ഗ്രാമവാസികൾ പൊലീസില്‍ അറിയിക്കുകയും വാഹനത്തെ പിന്തുടരാൻ തുടങ്ങുകയും ചെയ്തു.
കുറച്ചു ദൂരം ഓടിച്ചതിനു ശേഷം കാറിലുണ്ടായിരുന്നവർ തന്നെ റൂഫിലുണ്ടായിരുന്ന കുട്ടിയെ എടുത്ത് അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശേഷം ഇവര്‍ സ്ഥലം വിട്ടു. സിഎച്ച്സി ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് കുട്ടിയെ കണ്ടെത്തിയത്. തലയ്ക്കടക്കം പരുക്കേറ്റ കുട്ടി ചികിത്സയിലാണ്. അതേസമയം ഉമേഷും കുട്ടിയുടെ അമ്മയും സിദ്ധിയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മൂവരുടെയും നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ഡ്രൈവറുടെ അശ്രദ്ധയെയും പ്രവൃത്തിയേയും അപലപിച്ച് ജില്ലാ പൊലീസ് സൂപ്രണ്ട് സുജിത് കുമാർ കാഡ്‌വെ രംഗത്തെത്തി. മനുഷ്യത്വത്തിന് നിരക്കാത്തത് എന്നാണ് സംഭവത്തെകുറിച്ച് അദ്ദേഹം പറഞ്ഞത്. അപകടത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉത്തര്‍ പ്രദേശ് റജിസ്ട്രേഷനുള്ള കാറിനും ഡ്രൈവർക്കും വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഇപ്പോഴും തുടരുകയാണ്.